പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രമണ്യം കൊവിഡ് ബാധിച്ച് ചെന്നൈ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സാഹായത്തോടെയാണ് അദ്ദേഹമിപ്പോൾ കഴിയുന്നത്. എസ്.പി.ബി പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥനയിലാണ് സംഗീത ലോകം.
ഇതിന് പിന്നാലെയാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗായിക മാളവികയിൽ നിന്നാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. എസ്.പി.ബി ഒരു തെലുങ്ക് ടി വി ഷോയിൽ പങ്കെടുത്തിരുന്നു. ഇതേ പരിപാടിയിൽ പങ്കെടുത്ത മാളവികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാളവികയിൽ നിന്നുമാണ് രോഗം എസ്.പി.ബി അടക്കമുള്ളവർക്ക് ബാധിച്ചതെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്ത.
ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് മാളവിക ഇപ്പോൾ. "എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്ത ശേഷമാണ് എനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് എട്ടിനാണ് എനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.എനിക്കും രണ്ടു വയസ്സുള്ള മകൾക്കും അച്ഛനും അമ്മയ്ക്കും കൊവിഡ് പോസിറ്റീവ് ആണ്." മാളവിക പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാളവിക ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലായ് 30നായിരുന്നു മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്സിക, തുടങ്ങിയ ഗായകർക്കൊപ്പം എസ്.പി.ബി ടി.വി ഷോയിൽ പങ്കെടുത്തത്.