ന്യൂഡൽഹി: 2017 ജനുവരി ഒന്ന് മുതൽ ഈ ആഗസ്റ്റ് മൂന്ന് ഇന്ത്യൻ പൗരത്വം ലഭിച്ചത് 2,063 പാകിസ്ഥാനികൾക്ക്. വിവരാവകാശ വിജ്ഞാപനത്തിനുള്ള പ്രതികരണമായി കേന്ദ്ര സർക്കാർ നൽകിയ രേഖയിലാണ് ഇത് സംബന്ധിച്ചുള്ള വിവരണങ്ങളുള്ളത്.ഈ കാലയളവിൽ ആകെ 2,664 വിദേശികൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൗരത്വ വിഭാഗം(വിദേശി ഡിവിഷൻ) നൽകിയ രേഖയിൽ പരാമർശമുണ്ട്.
പൗരത്വ നിയമഭേദഗതി സംബന്ധിച്ച ചർച്ചകൾ തുടരുന്ന വേളയിൽ കേന്ദ്രം പുറത്തുവിടുന്ന ഈ വിവരത്തിന് പ്രസക്തി ഏറുകയാണ്. ജമ്മുവിലെ സാമൂഹിക പ്രവർത്തകനായ രമൺ ശർമ്മയാണ് അപേക്ഷ സമർപ്പിച്ചത്. ഈ കാലയളവിൽ ഇന്ത്യയിൽ പൗരത്വം ലഭിച്ച വിദേശികളിൽ 77 ശതമാനവും പാകിസ്ഥാനികളാണ്. ഒപ്പം 188 അഫ്‌ഗാൻ പൗരന്മാർക്കും 97 ബംഗ്ലാദേശികൾക്കും ഇന്ത്യയിൽ പൗരത്വം ലഭിച്ചു.
ഇംഗ്ലണ്ട്, അമേരിക്ക, ക്യാനഡ, സിംഗപ്പൂർ, ഫ്രാൻസ്, തുടങ്ങിയ വികസിത രാജ്യങ്ങളിലെ പൗരന്മാർക്കും ശ്രീലങ്ക, നേപ്പാൾ, സാംബിയ, ഇറാൻ, ചിലി, ജമൈക്ക, തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ളവരും ഇന്ത്യൻ പൗരത്വം നേടിയവരിൽ ഉൾപ്പെടുന്നു. 2017 ജനുവരി ഒന്ന് മുതൽ ആഗസ്റ്റ് മൂന്ന് വരെ റാൻഡ് ചൈനീസ് പൗരന്മാരും ഇന്ത്യൻ പൗരത്വം നേടിയതായി വിവരാവകാശ രേഖ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം 2020ൽ 328 പാകിസ്ഥാനികൾക്കും ഒരു അഫ്‌ഗാനിക്കും മൂന്ന് ബംഗ്ലാദേശികൾക്കും ഇന്ത്യൻ പൗരത്വം ലഭിച്ചുവെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. 2011 മുതൽ 2016 വരെയുള്ള കണക്കെടുക്കുകയാണെങ്കിൽ 2,157 പാകിസ്ഥാനികളും 918 അഫ്‌ഗാനികളും 218 ബംഗ്ളാദേശികളും 108 ശ്രീലങ്കക്കാരും 66 ഇറാനികളും 145 ബ്രിട്ടീഷുകാരും 61 അമേരിക്കക്കാരും 15 ചൈനക്കാരും ഇന്ത്യൻ പൗരത്വം നേടിയിട്ടുണ്ട്. 2011 മുതൽ 2020 വരെ 8,141 വിദേശികൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്.