colash

ആരാധകരെ കണ്ണീരിലാഴ്‌ത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് മുൻ ക്യാപ്റ്റൻ എം.എസ്.ധോണി പടിയിറങ്ങി.ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. തൊട്ടുപി​ന്നാലെ ധോണി​യുടെ അടുത്ത സുഹൃത്തുകൂടി​യായ സുരേഷ് റെയ്‌നയും വി​രമി​ക്കൽ പ്രഖ്യാപി​ച്ചു.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. 2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങളും ഈ നായകൻ സമ്മാനിച്ചു.

വെൽഡൺ കമല

ഇന്ത്യൻ വംശജയും കറുത്ത വർഗക്കാരിയുമായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ ​ ഡെമോക്രാറ്റിക് പാർട്ടി അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർട്ടി ഇന്ത്യൻ വംശജയായ ഒരു കറുത്ത വനിതയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് തന്റെ മത്സര പങ്കാളിയായി കമലയെ പ്രഖ്യാപിച്ചത്. നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

1960കളിൽ അമേരിക്കയിലേക്ക് കുടിയേറി സ്തനാർബുദ ഗവേഷകയായ ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലനും ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായിരുന്ന ഡോണാൾഡ് ഹാരിസുമാണ് കമലയുടെ മാതാപിതാക്കൾ.

യു.എ.ഇ-ഇസ്രയേൽ ചരിത്ര കരാർ

പുതിയ ചരിത്രം സൃഷ്ടിച്ച് യു.എ.ഇയും ഇസ്രയേലും തമ്മിൽ സമാധാന കരാറുണ്ടായി. ഇരു രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് മദ്ധ്യസ്ഥത വഹിച്ചത്. പാലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ഇസ്രയേൽ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎഇ ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ഫോൺ ചർച്ചയിലാണ് കരാറിന് അന്തിമ ധാരണയായത്.കരാറിന്റെ ഭാഗമായ 49 വര്‍ഷത്തിനുശേഷം ഇസ്രയേലും യു.എ.ഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂർണമായും സാധാരണമാക്കും. അവർ എംബസികളെയും അംബാസഡർമാരെയും കൈമാറ്റം ചെയ്യുകയും അതിർത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യും.

ആലപ്പുഴയുടെ അഭിമാനം

കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ചിൽ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ വികസിപ്പിച്ച വീ കൺസോൾ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പാണ് ടെക്ജെൻഷ്യ.ടെക്ജൻഷ്യ കമ്പനിക്ക് ഒരു കോടി രൂപയും കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിംഗ് സംവിധാനമൊരുക്കാനുള്ള 3 വർഷത്തെ കരാറുമാണു സമ്മാനം. ഇതിനായി നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) മുഖേന വി-കൺസോൾ സോഫ്ട്‌വയർ ഉപയോഗിക്കുമെന്നാണ് കരാർ. ഇതിന് 10 ലക്ഷം രൂപ വീതം വാർഷിക മെയിന്റനൻസ് ഗ്രാന്റ് ലഭിക്കും.എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റ്യൻ വർഷങ്ങളായി വീഡിയോ കോൺഫറൻസിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

പണ്ഡിറ്റ് ജസ്‌രാജിന് വിട

ലോകപ്രശസ്ത ഇന്ത്യൻ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീത ഇതിഹാസവുമായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചത് കഴിഞ്ഞയാഴ്ചയിലെ തീരാനഷ്ടമായിരുന്നു. 1930ൽ ഹരിയാനയിലെ ഹിസാറിൽ ഇടത്തരം ബ്രാഹ‌്‌മണ കുടുംബത്തിൽ ഗായകനായ പണ്ഡിറ്റ് മൊയ്‌ത്‌റാമിന്റെ മകനായാണ് ജനനം. പിതാവും സഹോദരൻ മണിറാമുമായിരുന്നു ഗുരുക്കൻമാർ.

തബലയിലായിരുന്നു കലാവാസന മൊട്ടിട്ടത്. ക്രമേണ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മാറി. ആദ്യ പാട്ടുകച്ചേരി അരങ്ങേറിയത് 22ാം വയസിൽ നേപ്പാൾ രാജാവ് ത്രിഭുവൻ ബീർ ബിക്രം ഷായുടെ സദസിൽ. രാജാവ് 5000 സ്വ‌ർണ നാണയങ്ങളാണ് സംഭാവന നൽകിയത്. പരമ്പരാഗത മേവതി ഘരാനയിൽ ഖയാലുകൾക്കായി രൂപപ്പെടുത്തിയ ലളിതവും ആസ്വാദ്യകരവുമായ തുംമ്രി ശൈലികളും മറ്റുമാണ് ശ്രദ്ധേയനാക്കിയത്.

ചൈനീസ് വാക്‌സിനുമെത്തും

റഷ്യയ്ക്ക് പിന്നാലെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകും മുൻപേ വാക്‌സിൻ അംഗീകാരം നൽകാൻ ചൈനയും രംഗത്ത്.കാൻസിനോ ബയോളജിക്സ് വികസിപ്പിച്ചെടുത്ത അഡിനോവൈറസ് വാക്‌സിന് ചൈന പേറ്റന്റ് അനുവദിച്ചു.റഷ്യ പ്രഖ്യാപിച്ചതു പോലെ ഇത് ഉടൻ വിതരണത്തിന് ലഭ്യമാക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല.