who

ജനീവ: ലോകത്ത് കൊവിഡ് വ്യാപനം രണ്ട് വർഷം കൊണ്ട് നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതാക്കാൻ സാധിച്ചെന്നും, സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാക്കാൻ അത്രയും സമയം വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ മുമ്പത്തെ അപേക്ഷിച്ച് രോഗം പടർന്നുപിടിക്കാനുള്ള സാദ്ധ്യത ഇപ്പോൾ കൂടുതലാണ്. അതേസമയം ഇത് തടയാനുള്ള സാങ്കേതികവിദ്യകളും, അറിവും നമുക്ക് ഉണ്ട്.'-അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഐക്യവും ആഗോള ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും ട്രെഡോസ് അഥാനം ഗബ്രിയേസുസ് ഊന്നിപ്പറഞ്ഞു. സ്പാനിഷ് ഫ്‌ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. ലോകത്ത് രണ്ടുകോടി മുപ്പത് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. എട്ട് ലക്ഷം പേർ മരണമടഞ്ഞു.