തിരുവനന്തപുരം: തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രോക്‌സി വോട്ടോ പോസ്റ്റൽ വോട്ടോ ഏർപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകില്ലെന്ന് സൂചന. ഇക്കാര്യത്തിൽ ആദ്യം രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനാണ് തീരുമാനം. ശേഷം നിയമോപദേശവും തേടിയാകും ഓർഡിനൻസിന് അന്തിമ രൂപം നൽകുക. .
നിയമവകുപ്പ് ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണ്. പ്രോക്‌സി വോട്ട് വ്യാപകമായി ഏർപ്പെടുത്തുക കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രോക്‌സി വോട്ടിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് പ്രോക്‌സി വോട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വോട്ടവകാശം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുക ഭരണഘടനാപരമായി സാധുതയില്ലാത്ത കാര്യമാണ്. പ്രത്യേക സാഹചര്യത്തില്‍ അനുവദിക്കപ്പെടാം എന്നുമാത്രം.
പോസ്റ്റൽ വോട്ട് ഇപ്പോൾ സർവീസ് വോട്ടർമാർക്കാണ് ലഭ്യമായുള്ളത്. പത്ത് ദിവസം മുമ്പ് അപേക്ഷിക്കണം. ഇത് കൊവിഡ് സാഹചര്യത്തിൽ സാദ്ധ്യമായി എന്ന് വരില്ല. അതോടൊപ്പം പോസ്റ്റൽവോട്ട് ദുരുപയോഗം ചെയ്യപ്പെടാം എന്ന ആശങ്കയും ഉണ്ട്. കൊവിഡ് രോഗികൾ, നിരീക്ഷണത്തിലുള്ളവർ എന്നിവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പ്രോക്സി വോട്ട് അല്ലെങ്കിൽ പോസ്‌റ്റൽ വോട്ട് വേണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തത്. വ്യക്തിയുടെ സൗകര്യാർഥം പ്രോക്സി വോട്ടോ പോസ്റ്റൽ വോട്ടോ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് കമ്മിഷൻ നിലപാട്.