life

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷൻ ഫ്ളാറ്ര് നിർമ്മാണ പദ്ധതിയിലെ കോഴയിടപാട് സംബന്ധിച്ച് കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷിക്കാൻ സാദ്ധ്യത. യു.എ.ഇ സർക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായുണ്ടാക്കിയ ലൈഫ് കരാറിൽ നിരവധി പോരായ്മകൾ സംസ്ഥാന സർക്കാർ നൽകിയ രേഖകളുടെ പരിശോധനയിൽ കേന്ദ്രസർക്കാരിന് പ്രാഥമികമായി ബോദ്ധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള ഏജൻസികളിൽ നിന്ന് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വിവരമുണ്ട്. സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ഇ.ഡി റിപ്പോർട്ടിൽ സൂചിപ്പിച്ചാൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിടുമെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും കേന്ദ്ര ഏജൻസികൾ നൽകുന്നില്ല.

പിഴവുകൾ ഇങ്ങനെ

വിദേശരാജ്യത്തെ സംഘടനയുമായി കരാറുണ്ടാക്കുന്നതിന് മുമ്പ് അക്കാര്യം കേന്ദ്രത്തെ അറിയിക്കുകയോ മാർഗനിർദ്ദേശങ്ങളോ സഹായങ്ങളോ തേടിയില്ല. വിദേശത്തുനിന്നുള്ള ഏത് സഹായം സ്വീകരിക്കുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ അനുമതി തേടണമെന്നാണ് ചട്ടം. റെഡ് ക്രസന്റിൽ നിന്ന് 20 കോടിയുടെ സഹായം സ്വീകരിക്കാൻ വിദേശകാര്യ മന്ത്റാലയത്തിന്റെ അനുമതി തേടണമായിരുന്നു. എന്നാൽ അതുണ്ടായില്ല. ദുരന്തനിവാരണ ആക്ട് പ്രകാരവും സംസ്ഥാന നടപടി തെറ്റാണ്. ഇതുകൂടാതെ വിദേശനാണ്യ വിനിമയ ചട്ടവും ഫോറിൻ ട്രേഡ് റെഗുലേഷൻ ആക്ടും ലംഘിക്കപ്പെട്ടു. കേന്ദ്ര ഏജൻസികൾക്ക് കേസെടുക്കാൻ ഈ ലംഘനങ്ങൾ തന്നെ ധാരാളമാണ്. അതിനാലാണ് എൻഫോഴ്സ്‌മെന്റിൽ നിന്ന് റിപ്പോർട്ട് തേടിയത്.

എന്തുകൊണ്ട് സി.ബി.ഐ
സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് എൻഫോഴ്സ്‌മെന്റിന് ബോദ്ധ്യപ്പെട്ടാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് സി.ബി.ഐയ്ക്ക് അന്വേഷിക്കാൻ അധികാരമുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ 4.25 കോടി സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന് കമ്മിഷനായി നൽകിയെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. എൻഫോഴ്സ്‌മെന്റിനും ഇതുസംബന്ധിച്ച തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇടപാടിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ഇ.ഡി റിപ്പോർട്ട് നൽകിയാൽ അന്വേഷണത്തിന് സി.ബി.ഐ എത്തും. അഴിമതിക്കേസുകൾ അന്വേഷിക്കാൻ സി.ബി.ഐയ്ക്കാണ് അധികാരം.

കേന്ദ്രാനുമതി നേടാതെയാണ് റെഡ്ക്രസന്റുമായി ധാരണാപത്രമുണ്ടാക്കിയതെന്നും തുകയിൽ അഞ്ചിലൊന്നിലേറെ കമ്മിഷൻ പറ്റിയെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ എല്ലാ രേഖകളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ധാരണാപത്രം അടക്കം തദ്ദേശ, നിയമ വകുപ്പുകളിലെ ഫയൽ വിശദാംശങ്ങളാണ് സംസ്ഥാന സർക്കാർ കൈമാറിയത്. ഇവ പരിശോധിച്ചാണ് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ക്രമക്കേടും ചട്ടലംഘനവും ചൂണ്ടിക്കാട്ടിയത്.

വിജിലൻസും വരും

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഫ്ളാറ്ര് സമുച്ചയ നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ വിജിലൻസ് അന്വേഷണം നടത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് സി.പി.എമ്മും സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. കമ്മിഷൻ പറ്റാവുന്ന പദ്ധതിയല്ല ലൈഫ് മിഷനെന്നും അനധികൃതമായി കമ്മിഷൻ പറ്റിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ തെറ്റാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. കോഴ ഇടപാടുകാർ സ്വകാര്യ വ്യക്തികളായതിനാൽ ലൈഫിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസിന് സർക്കാർ അനുമതി ആവശ്യമില്ല.