കൊച്ചി: സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുവെന്ന് വ്യക്തമാക്കി എൻ.ഐ.എ. ഉന്നത വ്യക്തികൾ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുകയാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. മുഖ്യപ്രതി ഫൈസൽ ഫരീദടക്കമുള്ള നാല് പ്രതികൾ യു.എ.ഇയിലാണെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്.
ലൈഫ് പദ്ധതിയുടെ നിർമ്മാണത്തിനായി റെഡ് ക്രസന്റ് യൂണിടാക്കിന് നൽകിയ ആദ്യ ഗഡു തന്നെ കൈക്കൂലിയായി മറിച്ചു നൽകിയെന്നാണ് എൻഫോഴ്സ്‌മെന്റ് കണ്ടെത്തൽ. യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയ പണം ഡോളറായി സ്വപ്ന വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ഉറപ്പിക്കാൻ സ്വപ്നയും യു.എ.ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദും യൂണിടാക്കിനോട് ആവശ്യപ്പെട്ടത് 20 ശതമാനം കമ്മീഷനാണ്. ഇത് നൽകാമെന്ന് യൂണിടാക് സമ്മതിച്ച ശേഷമാണ് കരാർ ഉറപ്പിച്ചത്. മുൻകൂറായി നൽകാൻ പണമില്ലെന്ന് യൂണിടെക് പ്രതിനിധികൾ അറിയിച്ചപ്പോൾ സ്വപ്ന തന്നെയാണ് പുതിയ നിർദ്ദേശം വച്ചത്.
നിർമ്മാണത്തിനായി റെഡ് ക്രസന്റ് യൂണിടാകിന് നൽകുന്ന ആദ്യ ഗഡു തന്നെ കമ്മീഷനായി നൽകണം എന്നായിരുന്നു നിർദ്ദേശം. ഇത് പ്രകാരം കരമന ആക്സിസ് ബാങ്കിലെ യൂണിടാക്കിന്റെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി രൂപ പിൻവലിച്ച് ഖാലിദിന് നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴി. കൈക്കൂലി പണം സ്വപ്നയും സരിത്തും ചേർന്ന് വിവിധ സ്ഥാപനങ്ങൾ വഴി ഡോളറാക്കി മാറ്റി. ഇതിന് കരമന ആക്സിസ് ബാങ്ക് മാനേജർ ശേഷാദ്രിയുടെ സഹായം ലഭിച്ചുവെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്.
പണം വിദേശ കറൻസികളാക്കി മാറ്റാൻ സഹായിച്ചില്ലെങ്കിൽ അക്കൗണ്ട് പിൻവലിക്കുമെന്നും ഹൈദരാബാദിൽ തുടങ്ങുന്ന കോൺസുലേറ്റിന്റെ ഇടപാടുകൾ ബാങ്കിന് നൽകില്ലെന്നും സ്വപ്ന ഭീഷണിപ്പെടുത്തിതായി ശേഷാദ്രി അന്വേഷണ ഏജൻസികളോട് പറഞ്ഞു. ആക്സിസ് ബാങ്കിലെ ഒരു മുൻ ജീവനക്കാരൻ മുഖേന കണ്ണൂമ്മൂലയിൽ നടത്തിയിരുന്ന മൗറീസ് എന്ന സ്ഥാപനം മുഖേന കുറച്ച് പണം സ്വപ്ന വിദേശ കറൻസിയാക്കി മാറ്റിയെന്നാണ് കസ്റ്റംസിന്റെയും എൻഫോഴ്സ്‌മെന്റിന്റേയും കണ്ടെത്തൽ. കോൺസുലേറ്റിന് സമീപം മണി എക്‌സ്‌ചേഞ്ച് സ്ഥാപനം നടത്തുന്ന പ്രവീൺ, മറ്റൊരു ഇടനിലക്കാരൻ അഖിൽ എന്നിവർ വഴിയും പണം മാറി. എല്ലാവരെയും അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തു.
ഡോളറാക്കി മാറ്റിയ പണം നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗിലൂടെയെും വിദേശ യാത്രാവേളയിലും സ്വപ്ന കടത്തിയെന്നാണ് മൊഴികളിൽ നിന്നും സാഹചര്യ തെളിവുകളിൽ നിന്നും എൻഫോഴ്സ്മെന്റിന് വ്യക്തമാകുന്നത്. അതിനിടെ യു.എ.ഇ കോൺസുലേറ്റിലെ നിരവധി ഉദ്യോഗസ്ഥർ തട്ടിപ്പിൽ ഉൾപ്പെട്ടത് അതീവഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.