adani-airport

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനസർക്കാരും പ്രതിപക്ഷവും എതിർപ്പ് ഉയർത്തുന്നതിനിടെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്. നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചുവെന്നാണ് വിവരം. നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു, ലക്‌നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാർ. ഈ മൂന്ന് വിമാനകമ്പനികളുടേയും നടത്തിപ്പ് നവംബറിന് മുമ്പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരാറിന് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റ്‌ ചില വിദേശകമ്പനികളുമായും അദാനി ചർച്ച തുടരുന്നുണ്ട്.

തിരുവനന്തപുരത്തെ വിഷയത്തിൽ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം എടുത്തിട്ടേയുള്ളു. ഹൈക്കോടതിയുടെ ഒരു തീരുമാനം വരേണ്ടതുണ്ട്. ഒപ്പം സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളുടെ എതിർപ്പും മറികടക്കണം. അതേ സമയം തിരുവനന്തപുരം വിമാനത്താവള വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലാണ്. അദാനി വന്നാൽ ഭൂമി ഏറ്റെടുക്കലിന് മുൻകയ്യെടുക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സ്വകാര്യകമ്പനിക്ക് സ്ഥലം വിട്ടു നൽകില്ലെന്ന് ഭൂവുടമകളും നിലപാടെടുത്തിട്ടുണ്ട്.