തിരുവനന്തപുരം: ഉപയോഗശൂന്യമായ വാഹനം പൊളിച്ചുവിൽക്കണമെങ്കിൽ ഇൻഷുറൻസും ടാക്സും അടയ്ക്കണമെന്ന വിചിത്ര നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. കേടുപാട് തീർത്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണം. അതുകൊണ്ടും തീർന്നില്ല കുടിശികകളെല്ലാം തീർത്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയാലേ ഇനി വാഹനം പൊളിക്കാനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കൂവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ തുഗ്ലക്ക് നടപടി.
പുകപരിശോധനാ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുണ്ടെങ്കിലേ അപേക്ഷ സ്വീകരിക്കൂ. സ്റ്റാർട്ടാക്കാനും ഓടിക്കാനും കഴിയാത്ത വാഹനങ്ങൾക്ക് ഇവ ലഭിക്കില്ല. ചുരുക്കി പറഞ്ഞാൽ രേഖകൾ ശരിയാക്കാൻ ചെലവാകുന്ന തുകപോലും വാഹനം വിറ്റാൽ കിട്ടാത്ത അവസ്ഥയായി മാറും. കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷൻ സംവിധാനമായ ‘വാഹനി’ലേക്കു മാറിയപ്പോഴാണ് ഈ ഗതികേട്. നടപടി മണ്ടത്തരമാണെന്ന് ഉദ്യോഗസ്ഥർക്ക് തന്നെയറിയാം. പക്ഷെ നടപ്പാക്കാതെ വേറെ വഴിയില്ലെന്നതാണ് സത്യം.
രജിസ്‌ട്രേഷൻ റദ്ദാക്കാൻ നിലവിലുണ്ടായിരുന്ന സങ്കീർണതകൾ ഓൺലൈനിലേക്ക് മാറിയതോടെ ഇരട്ടിയായി. വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉപയോഗശൂന്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നേരത്തേ പൊളിക്കാൻ അനുമതി നൽകിയിരുന്നത്. നികുതി കുടിശികയും ഗതാഗത നിയമലംഘനത്തിന് ചുമത്തിയിട്ടുള്ള പിഴകളും അടയ്ക്കണം. എൻജിൻ, ഷാസി എന്നിവ വീണ്ടും ഉപയോഗിക്കാതിരിക്കാൻ അവ രേഖപ്പെടുത്തിയിട്ടുള്ള ഭാഗം വേർപെടുത്തി ഓഫീസിൽ ഹാജരാക്കണം.
ഉപയോഗിക്കാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയില്ലെങ്കിലും ഉടമയ്‌ക്ക് ബാദ്ധ്യതയാവും. വാഹനത്തിന്റെ നികുതി കുടിശിക ഒാരോ വർഷവും വർദ്ധിക്കും. ഇത് പിഴസഹിതം അടച്ചില്ലെങ്കിൽ റവന്യൂ റക്കവറിവരെയുണ്ടാകും. ഉടമസ്ഥാവകാശം മാറാതെ ആക്രിക്കച്ചവടക്കാർക്ക് നൽകിയാലും ദുരിതമൊഴിയില്ല. വാഹനത്തിന്റെ എൻജിൻ, ഷാസി എന്നിവ മറ്റു വാഹനങ്ങളിൽ ഘടിപ്പിക്കാനിടയുണ്ട്. ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉടമ ഉത്തരവാദിത്വം ഏൽക്കേണ്ടിവരും.
രജിസ്‌ട്രേഷൻ റദ്ദാക്കി വാഹനങ്ങൾ പൊളിക്കാനുള്ള അപേക്ഷകൾ നേരിട്ട് നൽകണം. നികുതി കുടിശിക അടയ്ക്കുകയും പെർമിറ്റ്, ഫിറ്റ്‌നസ് എന്നിവ മുടങ്ങിയിട്ടുണ്ടെങ്കിൽ കോമ്പൗണ്ടിംഗ് ഫീസും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും നൽകണം. ഫിറ്റ്‌നസ് പരിശോധന ആവശ്യമില്ല. അക്ഷയ കേന്ദ്രങ്ങൾ വഴിയും നേരിട്ട് ഓൺലൈനിലും അപേക്ഷ നൽകിയവർക്കാണ് ബുദ്ധിമുട്ടുണ്ടായത്. സോഫ്റ്റ്‌വെയറിലെ പിഴവാണ് പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതകർ പറയുന്നത്.