inku-rahmath

തിരുവനന്തപുരം: ഇങ്കു റഹ്മത്ത് ജ്യോതിഷം പഠിക്കുമെന്ന് പറഞ്ഞപ്പോൾ നെറ്റിചുളിച്ചവരും എതിർത്തവരുമായിരുന്നു കൂടുതൽ. ഒരു മുസ്ലിം പെൺകുട്ടി എങ്ങനെ ഇത് സാദ്ധ്യമാക്കുമെന്നായിരുന്നു ചോദ്യങ്ങൾ. എന്നാൽ എതിർപ്പുകളെ പിന്നിലാക്കിയ ഇങ്കു രാജസ്ഥാനിലെ ശ്രീ മഹർഷി കോളേജ് ഒഫ് വേദിക് അസ്‌ട്രോളജിയിൽ നിന്ന് വേദിക് അസ്‌ട്രോളജിയിൽ 'എ പ്ലസ്" ഗ്രേഡോടെ പഠനം പൂർത്തിയാക്കിയാണ് മുന്നേറിയത്. ജ്യോതിഷ ശാസ്ത്രി എന്ന ബഹുമതിയും സ്വന്തമാക്കി.

തിരുവനന്തപുരം പാറ്റൂർ ഇ.എം.എസ് നഗറിൽ താമസിക്കുന്ന ഇങ്കു നിയമപഠനത്തിനിടെ കറസ്‌പോണ്ടൻസായാണ് വേദിക് അസ്ട്രോളജിയിലെ ഡിപ്ലോമ പൂർത്തിയാക്കിയത്. അഞ്ച് വയസു മുതൽ കഥകളും കവിതകളുമായി സർഗാത്മകതയുടെ ലോകത്തായിരുന്നു ജീവിതം. അഞ്ചാം വയസിൽ പുറത്തിറങ്ങിയ 'ഇങ്കു പറഞ്ഞ കഥകളാണ്" ആദ്യ കൃതി. സ്കൂളിൽ പഠിക്കുമ്പോൾ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സാമൂഹിക കാര്യങ്ങളിലും സമരവേദികളിലും സജീവമാണ്. സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികൾക്കെതിരെയും പ്രവർത്തിക്കുന്നുണ്ട്.

നോ പറയാത്ത കുടുംബം

തന്റെ ആഗ്രഹങ്ങൾക്ക് 'നോ" പറയാത്ത കുടുംബമാണ് ഇങ്കുവിന്റെ കരുത്ത്. വിവാഹത്തോടെ ആഗ്രഹങ്ങളോട് വിടപറയുന്നവർക്ക് മാതൃകയാണ് ഈ 22കാരി. കുടുംബത്തിന്റയും ഭർത്താവിന്റെയും പിന്തുണയാണ് തന്റെ കരുത്തെന്ന് പറയും ഇങ്കു. പൈലറ്റായ കൊല്ലം കൊട്ടിയം അനുപമ ഹൗസിൽ ജിതിൻ നജീബാണ് ഭർത്താവ്. അഡ്വ. പി. റഹിമും ഹെഡ്മിസ്ട്രസായ ലാലി എസ്. ഖാനുമാണ് മാതാപിതാക്കൾ. സഹോദരൻ ആർ. റഹ്മത്തുള്ളയും അഭിഭാഷകനാണ്. ആന്ധ്രയിൽ അഞ്ചാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയായ ഇങ്കു ഈ വർഷത്തെ മിസിസ് ഇന്ത്യാ വേൾഡ് മത്സരത്തിലെ ഫൈനലിസ്റ്റുമാണ്. ട്രാൻസ്‌ജെൻഡറുകളെകുറിച്ചുള്ള പുസ്തകം, ജന്മനക്ഷത്ര കല്ലുകളെപ്പറ്റിയുള്ള പഠനം എന്നിങ്ങനെയുള്ള സ്വപ്നങ്ങൾക്ക് പിന്നാലെയാണ് ഇങ്കു.