ദദ്‌യാൽ: കാശ്‌മീരിലെ പാകിസ്ഥാൻ അധിനിവേശ പ്രദേശമെന്ന് അവകാശപ്പെടുന്ന ദദ്‌യാൽ നഗരത്തിൽ പൊതുസ്ഥലത്ത് നാട്ടിയിരുന്ന പാകിസ്ഥാന്റെ ദേശീയ പതാക അഴിച്ചുമാറ്റിയ മാദ്ധ്യമ പ്രവർത്തകന് ക്രൂര മർദ്ദനം. നാട്ടുകാരനായ മാദ്ധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ തൻവീർ അഹമ്മദിനാണ് പാകിസ്ഥാൻ സുരക്ഷാ വിഭാഗത്തിന്റെ ക്രൂര മർദ്ദനവും അറസ്‌റ്റും നേരിടേണ്ടി വന്നത്.
കുറച്ച് ദിവസമായി ദദ്‌യാൽ നഗരത്തിലെ പാകിസ്ഥാൻ കൊടികൾ മാറ്റണം എന്നാവശ്യപ്പെട്ട് ഇദ്ദേഹം നിരാഹാര സമരത്തിലായിരുന്നു. പ്രാദേശിക ഭരണകൂടത്തോട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും അവർ ചെയ്യാത്തതിനെ തുടർന്നാണ് തൻവീർ തന്നെ കൊടി അഴിച്ചെടുത്തത്. പാകിസ്ഥാൻ കൊടി അഴിച്ചുമാറ്റിയെന്നും പാകിസ്ഥാൻ സുരക്ഷാ സേനയുടെ ഭീഷണി തനിക്കുണ്ടെന്നും തൻവീർ തന്നെ ചിത്രീകരിച്ച ഒരു വീഡിയോയിൽ പറയുന്നുണ്ട്. നഗരത്തിലെ ചത്വരത്തിലെ പാകിസ്ഥാൻ കൊടി ഇയാൾ തന്നെ മാറ്റുന്ന വീഡിയോയുണ്ട്. പിന്നീട് ഇയാളെ സുരക്ഷാ ഏജൻസികൾ പിടികൂടി ഭീകരമർദ്ദനത്തിന് ഇരയാക്കിയതായാണ് റിപ്പോർട്ടുകൾ.