തമിഴിലും തെലുങ്കിലും സജീവമാവാൻ ഒരുങ്ങി ഐശ്വര്യ ലക്ഷ്മി
ധനുഷിന്റെ കൂടെ തമിഴിൽ അഭിനയിച്ച സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. തമിഴിനു പുറമെ തെലുങ്കിലും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് എെശ്വര്യ. 'ഒരുപാട് പ്രതീക്ഷയോടുകൂടിയാണ് ഈ വർഷം തുടങ്ങിയത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നിരുന്നു.തമിഴിൽ ഇതുവരെ രണ്ട് സിനിമകൾ ചെയ്തു. ധനുഷ് സാറുടെ കൂടെയുള്ള ജഗമേ തന്തിരം എന്ന ചിത്രം നല്ലൊരു അനുഭവമായിരുന്നു. ലണ്ടനിലായിരുന്നു ഷൂട്ട്. "എെശ്വര്യ പറഞ്ഞു തുടങ്ങി.
പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. പ്ളസ് ടു തൃശൂരായിരുന്നു. മെഡിസിന് രണ്ടാം വർഷം പഠിക്കുമ്പോഴാണ് മോഡലിംഗ് ചെയ്ത് തുടങ്ങിയത്. എന്റെയൊരു ഫ്രണ്ട് പുതിയ കാമറ വാങ്ങിയപ്പോൾ കുറച്ച് ഫോട്ടോകളെടുത്ത് ഒരു മാസികയ്ക്ക് അയച്ചു കൊടുത്തു. അതിഷ്ടപ്പെട്ട അവർ ഫാഷൻ പേജിൽ മോഡലാകാൻ വിളിച്ചു. ഒരു രസത്തിന് വേണ്ടി ചെയ്തു നോക്കിയതാണ്. പക്ഷേ, അതു കണ്ട് പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം വന്നു.
മോഡലിംഗ് ചെയ്യുമ്പോൾ തന്നെ സിനിമയിൽ നിന്ന് ഓഫർ വരുന്നുണ്ടായിരുന്നു. പക്ഷേ, പരീക്ഷ കഴിഞ്ഞിട്ടേ അഭിനയിക്കൂയെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലേക്കുള്ള കാസ്റ്റിംഗ് കോളിനെ കുറിച്ചറിയുന്നത്. വൈകാതെ സംവിധായകൻ അൽത്താഫിനെ കണ്ടു. എനിക്ക് കഥയൊക്കെ പറഞ്ഞു തന്നു. ഇഷ്ടപ്പെട്ടോയെന്നു ചോദിച്ചു. ഒരാഴ്ച കഴിഞ്ഞായിരുന്നു സ്ക്രീൻ ടെസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് മായാനദിക്കായി ഫോട്ടോസ് അയച്ചു കൊടുത്തത്.
ആദ്യം തന്നെ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട് യുവനായകന്മാർക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. പക്ഷേ, രണ്ടുപേർക്കും ആ ഭാവമൊന്നുമില്ല. നമ്മൾ അഭിനയിക്കുന്നത് ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ നിവിൻ പറഞ്ഞു തരും. ഒരു ഫോർമാലിറ്റിയുമില്ല. അദ്ദേഹത്തിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം നേരവും ആക്ഷൻ ഹീറോ ബിജുവുമാണ്.ടൊവിനോ അങ്ങനെ വിമർശനങ്ങളൊന്നും പറയാറില്ല. നമ്മളെന്ത് ചെയ്താലും അടിപൊളിയായി എന്നേ പറയൂ. ജോലിയോടും സഹപ്രവർത്തകരോടുമെല്ലാം ഭയങ്കര ആത്മാർത്ഥതയാണ് രണ്ട് പേർക്കും. ആസിഫിനൊപ്പവും പൃഥ്വിരാജിനൊപ്പവും കാളിദാസ് ജയറാമിനൊപ്പവും അഭിനയിക്കാനായി.
വായനയാണ് ഇഷ്ട ഹോബി. എം.ബി.ബി.എസ് പഠനത്തിനിടയിൽ വായനയ്ക്കൊന്നും സമയമുണ്ടായിരുന്നില്ല. സിനിമയിൽ അഭിനയിക്കാൻതുടങ്ങിയപ്പോൾ ഒരു വ്യക്തിയെന്ന നിലയിൽ വളരാൻ കൂടുതൽ അവസരം ലഭിച്ചതു പോലെ തോന്നുന്നു. വായന അഭിനയത്തെയും സഹായിക്കും. ലോകത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും.
ഐശ്വര്യയ്ക്ക് ഒരു പ്രൊഫഷനും കൂടിയുള്ളത് നല്ലതാണെന്ന് എല്ലാവരും പറയാറുണ്ട്. ഞാനൊരു ഡോക്ടറാണ്. രണ്ട് ജോലിയും ഒരുമിച്ച് കൊണ്ടുപോകണമെന്നുണ്ട്. പക്ഷേ, സിനിമയുടെ കാര്യത്തിലാണ് ഒരുപാട് ആഗ്രഹങ്ങളുള്ളത്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ആരും മറക്കരുതെന്നുണ്ട്. കുറേക്കാലം കഴിഞ്ഞ് ഫീൽഡിൽ നിന്ന് ഔട്ടായ ശേഷവും നമ്മളെ ഓർമ്മിക്കണം.
കോസ്റ്റ്യൂമിന്റെ കാര്യത്തിലൊക്കെ ഞാനൊരു മടിച്ചിയാണ്. ഒരുപാട് ഫാഷനബിളായില്ലെങ്കിലും സിംപിളായിരിക്കണം എന്നുണ്ട്. വലിയ കമ്മലുകളേക്കാൾ കുഞ്ഞു കമ്മലുകളോടാണ് താത്പര്യം. വെള്ളയാണ് ഇഷ്ടം നിറം. വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാർഡ് ലഭിച്ച സ് റ്റെഫി സേവ്യർ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്.
മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നല്ല സിനിമകൾ ചെയ്യണം. ബ്രദേഴ്സ് ഡേയാണ് മലയാളത്തിൽ ഒടുവിൽ ചെയ്ത ചിത്രം. കഥകൾ കേൾകുന്നുണ്ട് .നല്ല സിനിമകൾ ചെയ്യണം.