ന്യൂഡൽഹി: രാജ്യ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ. ഇപ്പോഴിതാ സ്വന്തം മണ്ണിനെ ഒറ്റിക്കൊടുക്കാൻ ഇറങ്ങിയ ഐസിസ് ഭീകരനെ ജീവനോടെ പിടികൂടി മികവ് തെളിയിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. ഐസിസ് പ്രവർത്തകനായ അബ്ദുൾ യൂസഫ് ഖാനെയാണ് സാഹസികമായി പൊലീസ് പിടികൂടിയത്.
ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെയാണ് ഇയാളെ പിടികൂടിയത്. ചെറിയൊരു ഏറ്റുമുട്ടലിലൂടെയാണ് അബ്ദുൾ യൂസഫ് ഖാനെ പൊലീസ് കീഴ്‌പെടുത്തിയത്. ഇയാളിൽ നിന്ന് ഐഇഡികൾ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടിച്ചെടുത്തു.
പ്രതിയിൽ നിന്ന് ഒരു പിസ്റ്റളും പിടിച്ചെടുത്തു.സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ഇയാൾ, ചാവേർ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം കൂടുതൽ അന്വേഷിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. ഇയാളുടെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഐസിസുമായി ബന്ധമുള്ള ഒരു ഡോക്ടറെ ദിവസങ്ങൾക്ക് മുമ്പ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.