shahsi-tharoor-k-muraleed

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിക്കുന്ന ശശിതരൂരിന്റെ നിലപാടിനെ എതിർക്കാനാകില്ലെന്ന് കെ.മുരളീധരൻ കേരളകൗമുദി ഓൺലൈനിനോട്. വിമാനത്താവളം സ്വകാര്യവത്‌ക്കരിക്കാതെ കേന്ദ്രസർക്കാർ വികസനം നടക്കില്ലെന്ന് തരൂർ പറയുന്നത് ശരിയാണ്. നേരത്തെ രാജ്യത്തെ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പട്ടികയിൽ തിരുവനന്തപുരം ഉണ്ടായിരുന്നില്ല. സ്ഥലം എം.പിയെന്ന നിലയിൽ പ്രദേശത്തിന്റെയും വിമാനത്താവളത്തിന്റെയും വികസനം ലക്ഷ്യമിട്ടാണ് തരൂർ അത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാൽ അദാനിക്ക് കൊടുത്താൽ മാത്രമേ വികസനം ഉണ്ടാകൂവെന്ന വാദം തെറ്റാണ്. അദാനിക്ക് കൊടുക്കാതെ തന്നെ കേന്ദ്രസർക്കാരിന് വിമാനത്താവളം വികസിപ്പിക്കാൻ കഴിയും. അതിനുള്ള ശ്രമം സർക്കാർ നടത്തണമെന്നും മുരളീധരൻ പറഞ്ഞു.

വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾക്ക് സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ യു.ഡി.എഫ് നൽകും. അഖിലേന്ത്യാ തലത്തിൽ തന്നെ സ്വകാര്യവത്ക്കരണത്തിന് എതിരാണ് കോൺഗ്രസ് നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് കെ.പി.സി.സിക്കും ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനസർക്കാരും പ്രതിപക്ഷവും എതിർപ്പ് ഉയർത്തുന്നതിനിടെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോവുകയാണ്. നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചുവെന്നാണ് വിവരം. നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു, ലക്‌നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാർ. ഈ മൂന്ന് വിമാനകമ്പനികളുടേയും നടത്തിപ്പ് നവംബറിന് മുമ്പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരാറിന് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റ്‌ ചില വിദേശകമ്പനികളുമായും അദാനി ചർച്ച തുടരുന്നുണ്ട്.