തിരുവനന്തപുരം: നാട്ടുകാർ വലവീശിപ്പിടിച്ച കായൽ മീൻ പിടിച്ചെടുത്ത് സ്‌റ്റേഷനിൽ കൊണ്ടുപോയി പാചകം ചെയ്‌തും, മിച്ചം വന്നത് മറിച്ചു വിൽക്കുകയും ചെയ്‌ത പൊലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ എസ് ഐമാർക്കെതിരെയാണ് നടപടി. മൂന്നുപേരെ നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് മാറ്റി റൂറൽ എസ് പി ഉത്തരവിറക്കി.
തീരദേശത്തുള്ള ചിലർ കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ചെയ‌്‌തു.
സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന എസ് ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയിട്ടുമുണ്ട്. നടപടികളിൽ നിന്നും രക്ഷനേടാൻ ഇയാൾ സി പി എമ്മിന്റെ ഒരു മുൻ എം എൽ എയുടെ വീട്ടിൽ കയറിയിറങ്ങി ശ്രമം നടത്തുന്നതായാണ് വിവരം.
സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡി ജി പി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരം അന്വേഷണവും നടപടിയും.