ന്യൂഡൽഹി: പഞ്ചാബിലെ തരൻ തരൻ ജില്ലയിൽ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവർ അതിർത്തി രക്ഷാ സേനക്ക് നേരെ നിറയൊഴിച്ചു. തുടർന്ന് നടന്ന പോരാട്ടത്തിൽ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായി സേന അറിയിച്ചു. പുലർച്ചെ 4.45 ഓടെയയാരുന്നു സംഭവം.
നുഴഞ്ഞുകയറുന്നവരോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറാകാതെ അതിർത്തി രക്ഷാ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ഒരു ഓഫീസർ വ്യക്തമാക്കി. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വെടിവച്ച് കൊല്ലുകയായിരുന്നു. ഇവരിൽ നിന്ന് എ.കെ-47 ഉൾപ്പടെ ആയുധങ്ങൾ പിടിച്ചെടുത്തതായി അതിർത്തി രക്ഷാ സേന അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ്.