pinarayi-airport

തൃശൂർ: അദാനിക്കെതിരെ സമരം ചെയ്യുമ്പോൾ തന്നെ അദാനിയുടെ മകന്റെ ഭാര്യയ്ക്ക് പണം നൽകിയ പിണറായി വിജയൻ ശരിക്കും കുമ്പിടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. ലജ്ജ എന്നൊരു വാക്ക് മുഖ്യമന്ത്രിയുടെ നിഘണ്ടുവിലില്ല. പിണറായി വിജയനും സംഘവും സംസ്ഥാനം കൊള്ളയടിക്കുകയാണ്. സ്വർണക്കടത്ത് പിടിച്ചില്ലെങ്കിൽ പിണറായി കേരളത്തെ വിഴുങ്ങുമായിരുന്നു. അദാനി ആരുടെ ആളാണെന്ന് പിണറായിയോട് ചോദിക്കണം. കടകംപ്പള്ളിക്ക് കമ്മിഷൻ അടിക്കാൻ പറ്റാത്തതിന്റെ ബേജാറാണ്. വിമാനത്താവളം തന്നെ വിഴുങ്ങാനായിരുന്നു കടകംപ്പള്ളിയുടേയും കൂട്ടരുടേയും നീക്കം. സർക്കാരിന് ഒന്നും പറായൻ ഇല്ലാത്തതു കൊണ്ടാണ് വിമാനത്താവളവുമായി ഇറങ്ങുന്നത്. വിമാനത്താവളത്തിനെതിരെ ഒരു സമരവും നടക്കില്ല. നരേന്ദ്രമോദി ഒരു കാര്യം നടത്തുമെന്ന് പറഞ്ഞാൽ അത് നടത്തിയിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന അഴിമതിയെക്കുറിച്ച് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നു.അഴിമതി വിവരങ്ങൾ പുറത്ത് വന്നിട്ടും സി.പി.എം പ്രതികരിക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തുന്ന അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. തട്ടിപ്പിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ട്. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ള സ്ഥലത്താണ് കെട്ടിടം പണിയുന്നത്. റെഡ്ക്രസന്റിന് നൽകിയ തുകയുടെ പകുതി പോലും ചിലവഴിച്ചിട്ടില്ല. കരാർ ഔദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിന്റെ വിവരങ്ങൾ പറത്ത് വരുമെന്ന് ഭയന്നാണ്. ഫ്ലാറ്റിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ വിവാദ ഫ്ലാറ്റ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് നാളെ അദ്ദേഹം തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും.