കൊല്ലം: ഉത്രവധക്കേസിൽ ഭർത്താവും കേസിലെ പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ.രേണുകയേയും സൂര്യയേയും അടൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റത്തിനും, തെളിവ് നശിപ്പിക്കലിനുമാണ് അറസ്റ്റ്.
രേണുകയേയും സൂര്യയേയും മുമ്പ് പല തവണ ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞ മേയിൽ ആണ് ഉത്രയെ സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ആദ്യം ഉഗ്രവിഷമുള്ള അണലിയെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അത് പാളിയതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് രാത്രിയിൽ ഉറങ്ങിക്കിടന്ന യുവതിയെ കടിപ്പിക്കുകയായിരുന്നു. ഉത്രയെ കടിപ്പിച്ച പാമ്പിനെ സൂരജ് പാമ്പു പിടുത്തക്കാരനില്‍ നിന്ന് വാങ്ങുക ആയിരുന്നു. കേസന്വേഷണത്തിന്റെ തുടക്കത്തിൽ ഇയാൾ താനല്ല കൊന്നതെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി കുറ്റം ഏറ്റുപറഞ്ഞിരുന്നു.താൻ മാത്രമാണ് കുറ്റക്കാരൻ എന്നായിരുന്നു ഇയാളുടെ ഏറ്റുപറച്ചിൽ ഇത് കുടുംബക്കാരെ രക്ഷിക്കാനാണെന്ന് ആരോപണമുണ്ടായിരുന്നു.