ayush

ന്യൂഡൽഹി: യോഗ മാസ്‌റ്റേഴ്‌സ് ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയം മുൻകൈയെടുത്ത് നടത്തിയ വെർച്വൽ ട്രെയിനിംഗ് യോഗത്തിൽ 'ഹിന്ദി അറിയാത്തവർക്ക് പുറത്ത് പോകാം' എന്ന ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേചയുടെ അഭിപ്രായത്തിനെതിരെ വൻ പ്രതിഷേധം.

യോഗത്തിൽ പങ്കെടുത്ത മുന്നൂറ് പേരിൽ 37 പേ‌ർ തമിഴ്‌നാട്ടുകാരായിരുന്നു. വൈദ്യയുടെ അഭിപ്രായത്തിനെതിരെ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും തഞ്ചാവൂർ എം.പിയുമായ കനിമൊഴി കടുത്ത അമർഷം രേഖപ്പെടുത്തി. ഹിന്ദി മേൽകൊയ്‌മയുടെ സ്വരമാണ് സെക്രട്ടറിയുടെ പ്രതികരണത്തിന്. അതിനാൽ ആയുഷ് സെക്രട്ടറിയെ എത്രയും വേഗം സസ്‌പെൻഡ് ചെയ്യണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. മതിയായ ശിക്ഷാ നടപടികളും കൈക്കൊള‌ളണമെന്നും അവർ പറഞ്ഞു.

ഹിന്ദിയിൽ സംസാരിക്കണമെന്ന് ആയുഷ് സെക്രട്ടറിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കാർത്തി ചിദംബരം എം.പി പ്രതികരിച്ചു.പരിപാടിയിൽ പങ്കെടുത്ത ഡോക്‌ടർമാർക്ക് ഇംഗ്ളീഷ് മനസിലാകുമെങ്കിലും ഹിന്ദി സംസാരിക്കാൻ നിർബന്ധിക്കുന്നത് അനുവദിക്കാനാകില്ലെന്നും കാർത്തി അഭിപ്രായപ്പെട്ടു.