തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാർ ഒരു കാര്യം നടത്തുമെന്ന് പറഞ്ഞാൽ അത് നടത്തിയിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം വിമാനത്താവളുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിനെതിരെ ഒരു സമരവും നടക്കില്ല. സംസ്ഥാന സർക്കാരിന് ഒന്നും പറായൻ ഇല്ലാത്തതു കൊണ്ടാണ് വിമാനത്താവളവുമായി ഇറങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ വിമാനത്താവളം പ്രധാന പ്രചാരണ വിഷയമാക്കുമോയെന്ന് ഇടത് വലതു മുന്നണികളെ വെല്ലുവിളിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ലേലനടപടികൾക്ക് കേരളം വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തെയാണ് എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് സുരേന്ദ്രൻ സർക്കാരിനെതിരെ പോർമുഖം തുറന്ന് രംഗത്തെത്തിയത്. മുംബയ് ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാർട്ണറാണ് കരൺ അദാനിയുടെ ഭാര്യ പരിധി അദാനി. ലേലത്തുക ഉൾപ്പെടെ നിർണയിക്കുന്നതിൽ ഈ സ്ഥാപനം ഘടകമായെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സർക്കാർ നിയമ-രാഷ്ട്രീയ പോരാട്ടം നടത്തുമ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഈ കൺസൾട്ടൻസി ഇടപാട് ഫലത്തിൽ ലേലത്തിൽ കേരളം തോൽക്കാൻ കാരണമായോ എന്ന സംശയമാണ് ബലപ്പെടുന്നത്. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തിൽ വാഗ്ദാനം ചെയ്തപ്പോൾ അദാനി ഗ്രൂപ്പ് 168 രൂപ വച്ചു. ഉയർന്ന തുക വിളിച്ച അദാനിക്ക് കേന്ദ്രം കരാർ നൽകുകയും ചെയ്തു. ആഗോള കൺസൾട്ടൻസി ഗ്രൂപ്പായ കെ.പി.എം.ജിയേയും മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൽ അമർചന്ദ് ഗ്രൂപ്പിനെയുമാണ് വിമാനത്താവള ലേലത്തിനുള്ള കൺസൾട്ടൻസിക്കായി കെ.എസ്.ഐ.ഡി.സി ചുമതല ഏൽപ്പിച്ചത്.