റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ഷിബു സോറന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ രൂപി സോറനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇരുവരുടേയും സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. വൈകീട്ടോടെ കൊവിഡ് പോസിറ്റിവായ വിവരം സ്ഥിരീകരിക്കുകയായിരുന്നു.
ഷിബു സോറന്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ മറ്റന്നാൾ കൊവിഡ് പരിശോധന നടത്തുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ രണ്ട് തവണയും ഫലം നെഗറ്റീവായിരുന്നു.
ഷിബു സോറന്റെ വസതിയിലെ 17 ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് പിടിപെട്ടിരുന്നു. ഷിബു സോറന്റെയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയിൽ ക്വാറന്റീനിലുള്ള ഇരുവരേയും ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെ.എം.എം ജനറൽസെക്രട്ടറിയും പാർട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു.