thomas-issac

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് മാത്രമല്ല കിഫ്ബിയുടെ മസാല ബോണ്ട് വിറ്റഴിക്കലിനും സംസ്ഥാന സർക്കാർ നിയമോപദേശകരായി നിയമിച്ചത് അദാനിയുമായി ബന്ധമുളള സ്ഥാപനത്തെ തന്നെയാണെന്ന നിയമസഭാ രേഖകൾ പുറത്ത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൽ അമർചന്ദ് മംഗൾദാസ് എന്ന കമ്പനിയെയാണ് സംസ്ഥാന സർക്കാർ നിയമോപദേശകരായി നിയോഗിച്ചിരുന്നത്. 10,75,000 രൂപയാണ് സ്ഥാപനത്തിന് ഫീസായി സർക്കാർ നൽകിയത്.

അദാനിക്ക് വിമാനത്താവളം ലേലത്തിന് നൽകിയതിനെ എതിർക്കുന്ന സർക്കാർ അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ നിയമസഹായത്തിന് കൺസൾട്ടൻസി ഏൽപ്പിച്ചത് പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് മസാല ബോണ്ടിലേയും നിയമോപദേശം സംബന്ധിച്ച രേഖകൾ പുറത്തുവരുന്നത്.

അടൂർ പ്രകാശിന്റെ ചോദ്യത്തിന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മസാല ബോണ്ട് വിറ്റഴിക്കലിനായി സംസ്ഥാന സർക്കാർ നിയമോപദേശകരായി നിയമിച്ചത് സിറിൽ അമർചന്ദ് മംഗൾദാസിനെയാണെന്ന് വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമസഹായ ഗ്രൂപ്പുകളിൽ പ്രമുഖരാണ്‌ സിറിൽ അമർചന്ദ് മംഗൾദാസ്.

വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടർ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാരിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി കെ.എസ്.ഐ.ഡി.സി മുടക്കിയത് രണ്ട് കോടിയിലേറെ രൂപയാണ് സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്ന്. കെ.പി.എം.ജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. നിയമസ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കുന്നത്. അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയാണ് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയുടെ മാനേജിംഗ് പാർട്ണർ സിറിൽ ഷ്രോഫിന്റെ മകൾ പരിധി ഗൗതം.