veg

തിരുവനന്തപുരം: തിരുവോണമെത്താൻ ഒരാഴ്ച കൂടി.കൊവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും നാടുംനഗരവും ഓണ ലഹരിയിലാണ്. വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങാതെ തന്നെ ഓണാഘോഷം കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നതിലും സദ്യ ഒരുക്കുന്നതിലും ഒട്ടും പിന്നോട്ടില്ല. സദ്യവട്ടങ്ങൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് പലരും. ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി വിലയിൽ അൽപ്പം ആശ്വാസമുണ്ടായിരുന്നെങ്കിലും ഓണക്കാലമെത്തിയതോടെ വില കൂടി. ഡിമാന്റ് കൂടിയതോടെയാണ് വിലയിലുള്ള കയറ്റം. തമിഴ്നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളെക്കാൾ നാടൻ പച്ചക്കറികൾക്കാണ് ആവശ്യക്കാർ ഏറെയും. അതിനാണെങ്കിൽ വരവ് പച്ചക്കറികളെക്കാൾ വില കൂടുതലാണ്.

അത്തം പിറന്നതോടെ കഴിഞ്ഞയാഴ്ച വരെ പച്ചക്കറികൾക്ക് ഉണ്ടായിരുന്ന വില ഇപ്പോൾ ഇരട്ടിയോളം ആയിട്ടുണ്ട്. ഓണക്കാലത്ത് തമിഴ്നാട്ടിലും കർണാടകയിൽ നിന്നുമാണ് പ്രധാനമായും കേരളത്തിൽ പച്ചക്കറി എത്തുന്നത്. കേരളത്തിൽ വ്യാപകമായി പച്ചക്കറി കൃഷി ഇല്ലാത്തതും വില ഉയരാൻ ഇടയാക്കി. കൊവിഡിനെ തുടർന്ന് ഈ മാസമാദ്യം ഉണരാതിരുന്ന വിപണി രണ്ടാം ആഴ്ചയോടെ സാധാരണ നിലയിലേക്ക് മടങ്ങി വരികയായിരുന്നു. കൊവിഡ് ഭീതി ഉണ്ടെങ്കിലും സാധനങ്ങൾക്ക് ആവശ്യക്കാരേറിയതും വിപണി ചലിക്കാൻ തുടങ്ങിയതുമാണ് വില ഉയരാൻ ഇടയാക്കിയത്. വരും ദിവസങ്ങളിൽ സാധനങ്ങളുടെ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.

പച്ചക്കറി വില (കിലോഗ്രാമിൽ)

കാരറ്റ്- 75

കാബേജ് - 55

ചേന- 50

വെണ്ടക്ക- 60

മുരിങ്ങയ്ക്ക - 90

സവാള- 26

പാവയ്ക്ക- 70

ബീറ്റ്റൂട്ട് -60

ബീൻസ്- 80

പയർ-70