pinarayi-vijayan

തിരുവനന്തപുരം: സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിമാരോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരെല്ലാം ഇതിനായി സജീവമായി രംഗത്തിറങ്ങണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദേശം. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം സർക്കാരിനെതിരെ നടക്കുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയണമെന്ന് മന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അതിന് മുന്നോടിയായി പരമാവധി പദ്ധതികൾ ഉദ്ഘാടന ഘട്ടത്തിലേക്ക് എത്തിക്കണമെന്ന നിർദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന കർശന നിർദേശമാണ് എല്ലാ മന്ത്രിമാർക്കും അദ്ദേഹം നൽകിയിരിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണം. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തിലും ഈ ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചിരിക്കുന്നത്. വികസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി വിളിച്ച മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.