ജനീവ: ലോകത്ത് കൊവിഡ് വ്യാപനം രണ്ട് വർഷം കൊണ്ട് നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ട്രെഡോസ് അഥാനോം പറഞ്ഞു. 1918ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വർഷം കൊണ്ട് ഇല്ലാതാക്കാൻ സാധിച്ചെന്നും, സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ അത്രയും സമയം വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങൾ കൂടുതലായതിനാൽ മുമ്പത്തെ അപേക്ഷിച്ച് രോഗം പടർന്നുപിടിക്കാനുള്ള സാദ്ധ്യത ഇപ്പോൾ കൂടുതലാണ്. അതേസമയം ഇത് തടയാനുള്ള സാങ്കേതികവിദ്യകളും, അറിവും നമുക്ക് ഉണ്ട്' അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്പാനിഷ് ഫ്‌ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. ലോകത്ത് രണ്ടുകോടി മുപ്പത് ലക്ഷം
പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. എട്ട് ലക്ഷം പേർ മരണമടഞ്ഞു.
ജർമ്മനിയിൽ തലസ്ഥാനനഗരമായ ബർലിനിൽ സ്കൂളുകൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 41 സ്കൂളുകളിലെ വിദ്യാർത്ഥികളും ജീവനക്കാരും വൈറസിന്റെ പിടിയിലായി.
കൊവിഡ് മുക്തമായി 100 ദിവസം പിന്നിട്ടതിന്റെ ആഘോഷങ്ങൾക്കിടെ ന്യൂസിലാൻഡിൽ വീണ്ടും 11 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രധാനമന്ത്രി ജസീന്താ ആർഡേൻ. രാജ്യം മുഴുവൻ ലെവൽ 2 ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്.
ആസ്ട്രേലിയയിലും പുതിയ കേസുകളുടെ എണ്ണം കൂടി വരുന്നു. ഇന്നലെ 13 മരണം റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയിൽ കർശന നിയന്ത്രണങ്ങൾ
കൊവിഡ് രണ്ടാം വ്യാപന ഭീതി ശക്തമായ ദക്ഷിണ കൊറിയയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. വൈറസിനെ ചെറുക്കാനായി സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പെടെയുള്ളവ കർശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തലസ്ഥാനമായ സിയോളിലും നിയന്ത്രണങ്ങൾ നടപ്പാക്കി.