മോസ്കോ : ലോകത്തെ ആദ്യ കൊവിഡ് 19 വാക്സിനായ ' സ്പുട്നിക് V' ന് പിന്നാലെ കൊവിഡിനെ പിടിച്ചു കെട്ടാൻ റഷ്യയിൽ നിന്നും അടുത്ത വാക്സിൻ എത്തുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ കൊവിഡ് പിടിമുറുക്കുന്നതിനിടെയാണ് റഷ്യയിൽ നിന്നും ശുഭപ്രതീക്ഷയേകുന്ന അടുത്ത വാർത്തയെത്തുന്നത്. റഷ്യ നേരത്തെ അറിയിച്ചിരുന്ന പോലെ തന്നെ സൈബീരിയയിലെ സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ( വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് ) വികസിപ്പിച്ചെടുത്ത വാക്സിന്റെ ഫലപ്രാപ്തിയെ പറ്റിയുള്ള റിപ്പോർട്ടാണ് റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടത്. ' എപിവാക് കൊറോണ ' ( EpiVacCorona ) എന്നാണ് വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വാക്സിന് നൽകിയിരിക്കുന്ന പേര്.
എപിവാക് കൊറോണ വാക്സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ തന്നെ എപിവാക് കൊറോണ മനുഷ്യർക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി വെക്ടറിലെ ഗവേഷകർ പറയുന്നു. റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നികിൽ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണ. ആദ്യ ഘട്ടത്തിൽ എപിവാക് കൊറോണ പരീക്ഷിച്ച വോളന്റിയർമാർക്ക് ആർക്കും തന്നെ പാർശ്വഫലങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെന്ന് റഷ്യൻ ഫെഡറൽ സർവീസ് ഫോർ സർവൈലൻസ് ഓൺ കൺസ്യൂമർ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമൻ വെൽബിയിംഗ് അറിയിച്ചു.
അടുത്തിടെയാണ് റഷ്യ സ്പുട്നിക് വാക്സിന് അംഗീകാരം നൽകിയത്. എന്നാൽ മോസ്കോയിലെ ഗമേലയാ ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്നികിന്റെ സുരക്ഷയെ പറ്റി ലോകമെമ്പാടുമുള്ള ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സ്പുട്നികിന്റെ പരീക്ഷണങ്ങളെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സെപ്റ്റംബർ മാസത്തോടെ എപിവാക് കൊറോണയുടെ മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയാകുമെന്നാണ് വെക്ടറിലെ ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഓരോ വോളന്റിയർമാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകൾ വീതമാണ് കുത്തിവച്ചത്. വോളന്റിയർമാരിൽ എപിവാക് കൊറോണ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തിയതായും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിൽ സ്ഥിതി ചെയ്യുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട്. നാല് ദശാബ്‌ദത്തിലേറെയായി പ്രവർത്തിക്കുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന് എബോളയുൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്. മാർച്ചിൽ തന്നെ കൊവിഡ് വാക്സിനായുള്ള ഗവേഷണങ്ങൾ വെക്ടറിൽ തുടങ്ങിയിരുന്നു.
അതീവ സുരക്ഷാ വലയത്തിൽ പ്രവർത്തിക്കുന്ന വെക്ടർ ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. പല മാരക രോഗത്തിനും ഹേതുവായ വൈറസുകളെ വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 1974ൽ പ്രവർത്തനമാരംഭിച്ച ഈ ലാബ് ജൈവായുധങ്ങൾ നിർമിക്കാൻ വേണ്ടിയാണ് സോവിയറ്റ് യൂണിയൻ നിർമിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇപ്പോഴും ജൈവായുധങ്ങളെ പറ്റിയുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ടോയെന്ന് അറിവില്ല. ബുബോനിക് പ്ലേഗ്, ആന്ത്രാക്സ്, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി, സാർസ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകളുടെ ഗവേഷണവും വെക്ടറിൽ നടക്കുന്നുണ്ട്. വസൂരി വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണ് വെക്ടർ. മറ്റൊന്ന് അമേരിക്കയിലെ അറ്റ്ലാൻഡയിലുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ്.