കൊളോൺ : കഴിഞ്ഞ ദിവസം നടന്ന യൂറോപ്പാലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി സ്പാനിഷ് ക്ളബ് സെവിയ്യ കിരീടം നേടി.ആദ്യപകുതിയിൽ 2-2 ന് സമനിലയിലായിരുന്നു മത്സരത്തിന്റെ 74-ാം മിനിട്ടിൽ ലുക്കാക്കുവിന്റെ പുറത്തുതട്ടി ഇന്ററിന്റെ വലയിൽ കയറിയ സെൽഫ് ഗോളിലൂടെയാണ് സെവിയ്യ തങ്ങളുടെ ആറാം യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
അഞ്ചാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഇന്റർ മിലാന് വേണ്ടി മത്സരത്തിലെ ആദ്യ ഗോൾ നേടിയിരുന്നത് ലുക്കാക്കുവാണ് .12-ാം മിനിട്ടിലും 33-ാം മിനിട്ടിലും ലൂക്ക് ഡി ജോംഗ് സെവിയ്യയ്ക്കായി സ്കോർ ചെയ്തു. 35-ാം മിനിട്ടിൽ ഡീഗോ ഗോഡിന്റെ ഗോൾ കളി സമനിലയിലാക്കി. എന്നാൽ 74-ാം മിനിട്ടിൽ സ്വന്തം ഗോൾ വലയിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലുക്കാക്കുവിന്റെ പുറത്തുതട്ടി സെൽഫ് ഗോളാവുകയായിരുന്നു.
സെമിയിൽ ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കിനെ 5-0ത്തിന് തകർത്തുവന്ന ഇന്റർമിലാനായിരുന്നു ഫൈനലിലെ ഫേവറിറ്റുകൾ. എന്നാൽ കലാശക്കളിക്ക് എത്തിയപ്പോഴൊക്കെ കിരീടവും കൊണ്ട് മടങ്ങിയിട്ടുള്ള സെവിയ്യ പതിവ് തെറ്റിച്ചില്ല. ഒൻപത് വർഷത്തിന് ശേഷമുള്ള ആദ്യകിരീടം നേടാമെന്ന ഇറ്റാലിയൻ ക്ളബിന്റെ പ്രതീക്ഷയാണ് സെവിയ്യ തകർത്തത്. സെവിയ്യയുടെ കോച്ച് യൂലിയൻ ലൊപ്ടേഗുയിക്ക് ഈ കിരീടനേട്ടം കരിയറിൽ നിർണായകമായി. 2018 ലോകകപ്പിൽ സ്പാനിഷ് ടീമിന്റെ കോച്ചായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നത് ലൊപ്ടേഗുയി ആയിരുന്നു.എന്നാൽ ലോകകപ്പിന് ശേഷം റയൽ മാഡ്രിഡിന്റെ കോച്ചാകാനുള്ള കരാർ ഒപ്പിട്ടതിന്റെ പേരിൽ ലോകകപ്പിന് തൊട്ടുമുമ്പ് ലൊപ്ടേഗുയിയെ ദേശീയ ടീം കോച്ച് സ്ഥാനത്തുനിന്ന് മാറ്റി.തുടർന്ന് റയലിലെത്തിയെങ്കിലും രണ്ടര മാസത്തിനകം അവരും പുറത്താക്കി. കഴിഞ്ഞ വർഷമാണ് സെവിയ്യയിലെത്തിയത്.
ഗോളുകൾ ഇങ്ങനെ
0-1
5-ാം മിനിട്ട്
റൊമേലു ലുക്കാക്കു
ബോക്സിനുള്ളിൽ വച്ച് ഡീഗോ കാർലോസ് തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച സ്പോട്ട് കിക്കാണ് ലുക്കാക്കു ഇന്ററിന്റെ ആദ്യഗോളാക്കി മാറ്റിയത്.
1-1
12-ാം മിനിട്ട്
ലൂക്ക് ഡി ജോംഗ്
ജീസസ് നവാസിന്റെ ഉയർന്നുവന്ന ഒരു ക്രോസിനെ തകർപ്പൻ ഹെഡറിലൂടെയാണ് ലൂക്ക് വലയിലാക്കിയത്.
2-1
33-ാം മിനിട്ട്
ലൂക്ക് ഡി ജോംഗ്
എവർ ബനേഗയുടെ അസിസ്റ്റിൽ നിന്ന് ലൂക്ക് തന്നെ സെവിയ്യയുടെ രണ്ടാം ഗോളും നേടി. സെമിഫൈനലിലും സെവിയ്യ്ക്ക് വിജയം നൽകിയത് ലൂക്കിന്റെ ഗോളായിരുന്നു.
2-2
35-ാം മിനിട്ട്
ഡീഗോ ഗോഡിൻ
രണ്ട് മിനിട്ടിനകം ഇന്റർ സമനില പിടിച്ചു. ഡീഗോ കാർലോസ് വീണ്ടും ലുക്കാക്കുവിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ബ്രാസോവിച്ച് ഉയർത്തിയടിച്ചത് ഗോഡിൻ ഹെഡ് ചെയ്ത് വലയ്ക്കകത്താക്കുകയായിരുന്നു.
3-2
74-ാം മിനിട്ട്
ലുക്കാക്കു (സെൽഫ്)
ഡീഗോ കാർലോസിന്റെ ഒരു ഒാവർഹെഡ് കിക്ക് വലയ്ക്ക് പുറത്തേക്ക് പോകേണ്ടതായിരുന്നുവെങ്കിലും തട്ടിയകറ്റാൻ ശ്രമിച്ച ലുക്കാക്കുവിന്റെ പുറത്തുതട്ടി വലയ്ക്ക് അകത്തേക്കുതന്നെ പോയി.
കാർലോസും ലുക്കാക്കുവും
ഇന്ററിന്റെ രണ്ട് ഗോളുകൾക്കും കാരണമായത് ഡീഗോ കാർലോസ് ലുക്കാക്കുവിനെ ഫൗൾ ചെയ്തതാണ്. ഒടുവിൽ ലുക്കാക്കുവിന്റെ സെൽഫ് ഗോളിന് വഴിയൊരുക്കിയതും കാർലോസായിരുന്നു.
6
ഇത് ആറാം തവണയാണ് സെവിയ്യ യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തുന്നതും കിരീടം നേടുന്നതും. 2009-10 സീസണിന് ശേഷം യൂറോപ്പ ലീഗ് നേടുന്ന ആറാമത്തെ സ്പാനിഷ് കോച്ചാണ് ലൊപ്റ്റേഗുയി.
11
തുടർച്ചയായ 11-ാം യൂറോപ്പ ലീഗ് മത്സരത്തിലാണ് ലുക്കാക്കു സ്കോർ ചെയ്യുന്നത്. 15 ഗോളുകളാണ് ഈ സീസണിൽ യൂറോപ്പ ലീഗിൽ നിന്ന് ലുക്കാക്കു നേടിയത്.
സെവിയ്യയുടെ യൂറോപ്പ കിരീടങ്ങൾ
2005-06,2006-07,2013-14,2014-15,2015-16,2019-20.
അൺലക്കി ലുക്കാക്കു
ഒന്നൊഴിയാതെ എല്ലാകളികളിലും ഗോളടിച്ച് ഫൈനൽ വരെയെത്തിക്കുക. ഫൈനലിൽ ആദ്യ ഗോളുമടിക്കുക. പക്ഷേ അവസാനം സ്വന്തം പോസ്റ്റിലേക്ക് പന്തുതട്ടിയിട്ട് എതിരാളികൾക്ക് കിരീടം നേടാൻ അവസരവുമൊരുക്കുക. ഗോളടി നായകനിൽ നിന്ന് സെൽഫ് ഗോൾ വില്ലനിലേക്കുള്ള ദൂരം വെറും 69 മിനിട്ടുകൾ മാത്രമാണെന്ന് റൊമേലു ലുക്കാക്കു എന്ന ബെൽജിയംകാരൻ ഇന്നലെ തിരിച്ചറിഞ്ഞു. ആ സങ്കടംകൊണ്ട് മത്സരശേഷം റണ്ണർഅപ്പുകൾക്കുള്ള മെഡൽ ഏറ്റുവാങ്ങാൻ പോലും ലുക്കാക്കു എത്തിയില്ല.