jo

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡനുണ്ട് ഒരു 'ചെറിയ' ഇന്ത്യൻ ബന്ധം. 1972ൽ തന്റെ 29-ാം വയസിൽ യു.എസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനമറിയിച്ച് ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബയിൽ നിന്നായിരുന്നു. കത്തെഴുതിയ വ്യക്തിയുടെ കുടുംബപ്പേരും ബൈഡൻ എന്നായിരുന്നു.

ജോ ബൈഡനും താനും ബന്ധുക്കളാണെന്ന്‌ കത്തെഴുതിയ ബൈഡൻ സൂചിപ്പിച്ചിരുന്നു. ബൈഡന് ആ ബന്ധുവിനെ തേടി പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്കുകൾ മൂലം ഇന്ന് വരെ അത് സാധിച്ചില്ല. കത്ത് ലഭിച്ച് നാല് പതിറ്റാണ്ടുകളാവുമ്പോഴും അതിന്റെ ഉടമയെ കണ്ടുമുട്ടാനുള്ള ആഗ്രഹം ബൈഡൻ സൂക്ഷിക്കുന്നു.

ഒരു ഇന്ത്യൻ-അമേരിക്കനെയോ ഇന്ത്യൻ നേതാവിനേയോ കാണുമ്പോൾ ഇപ്പോഴും മുംബയ് കത്തിന്റെ കഥ ബൈഡൻ പറയാറുണ്ട്.

വൈസ് പ്രസിഡന്റായി ചുമതല വഹിക്കുന്നതിനിടെ 2013 ലെ ഇന്ത്യാ സന്ദർശനത്തിനിടെ മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സംസാരിച്ചപ്പോഴും മുംബയ് ബൈഡന്റെ കാര്യം ജോ ബൈഡൻ എടുത്തു പറഞ്ഞിരുന്നു. 1700 കളിൽ ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ ജോലിക്കാരനായെത്തിയ മുൻഗാമിയാവും ഈ ഈന്ത്യൻ ബന്ധത്തിന് പിന്നിലെന്നുള്ള ബൈഡന്റെ പ്രസ്താവന അന്ന് സദസ്യരെ ചിരിപ്പിച്ചിരുന്നു.

ഈസ്റ്റ് ഇന്ത്യാക്കമ്പനിയിലെ മുൻഗാമിയുടെ കഥ വാഷിംഗ്ടണിൽ നടത്തിയ പ്രസംഗത്തിനിടെയും ബൈഡൻ ആവർത്തിച്ചിരുന്നു. ഇന്ത്യാ സന്ദർശനത്തിന്റെ അടുത്ത ദിവസം മുംബയിൽ അഞ്ച് ബൈഡന്മാർ ഉണ്ടെന്ന വിവരം ഒരു മാദ്ധ്യമപ്രവർത്തകൻ തനിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ബൈഡന്മാരെ അദ്ദേഹം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇന്ത്യൻ ബന്ധത്തിന്റെ പേരിൽ തനിക്ക് കൂടുതൽ ബഹുമാനവും പരിഗണനയും നൽകണമെന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് തമാശരൂപേണ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.