pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയിൽ പാളിച്ചയുണ്ടാകാതെ വേണം ഇത്തവണ ഓണാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസ് പതറാതെ, രോഗവ്യാപനം തടയുന്നതിന് ആവശ്യമായ ജാഗ്രതയിൽ യാതൊരു വിധ പാളിച്ചയ്ക്കും ഇടനൽകാതെ നമുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെയെന്നാണ് ആശംസ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാമെന്നും എല്ലാവർക്കും ഓണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് നമ്മൾ മലയാളികൾ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേൽക്കാം.

നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഓണ നാളുകളിൽ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായി 88 ലക്ഷം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. അതിനു പുറമേ, സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം ത്വരിതഗതിയിലാക്കി. സുരക്ഷിതത്വം നിലനിർത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് വിപണി സജീവമാക്കി നിലനിർത്തുന്നു. വികസന പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ മുൻപോട്ടു കൊണ്ടു പോകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ തളർച്ച ബാധിച്ച വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. ഇതിനിടയിലും രോഗപ്രതിരോധമാർഗങ്ങളും ചികിത്സാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി മുൻപോട്ട് കൊണ്ടുപോകുന്നു.
ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരു വിധ പാളിച്ചയ്ക്കും ഇടനൽകാതെ നമുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണം. ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ. മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.