kan

ബ്രിട്ടൻ: ' ഗുണമില്ലെങ്കിൽ ചവറ്റുകുട്ടയിൽ വലിച്ചെറിയൂ' എന്ന് പറഞ്ഞ കണ്ണട വിറ്റുപോയത് രണ്ടരക്കോടിയിലേറെ രൂപയ്ക്ക്. ഉടമ കരുതിയത് പോലെ പാഴ്‌വസ്തുവായിരുന്നില്ല മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന നൂറു വർഷത്തിലേറെ പഴക്കമുള്ള സ്വർണനിറത്തിലുള്ള കണ്ണടയായിരുന്നു അത്.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസാണ് റെക്കോഡ് ലേലത്തിന് സാക്ഷ്യം വഹിച്ചത്.

അമേരിക്കക്കാരനായ ഒരാളാണ് കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് കണ്ണടയ്ക്ക് വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കിൽ 2.5 കോടിക്കു തുല്യം.

ബ്രിസ്റ്റോൾ ഓക്‌ഷൻ ഹൗസിൽ ഇതുവരെയുള്ള റെക്കോർഡ് തുകയാണ് ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്ക് ലഭിച്ചതെന്ന് ഉടമ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കി. തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. കേവലം 15,000 പൗണ്ടായിരുന്നു ആഗസ്റ്റ് ഒമ്പതിന് ഓക്‌ഷൻ ഹൗസിന്റെ ലെറ്റർ ബോക്സിൽ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.

ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തിൽ കിട്ടിയ വൻ തുക മകൾക്കൊപ്പം വീതിച്ചെടുക്കാനാണ് തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയിൽനിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട.

സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അമ്മാവന് 1910-30 കാലഘട്ടത്തിൽ സമ്മാനമായി ലഭിച്ചതാണ് കണ്ണട. തലമുറകളായി കൈമാറി ഇയാളുടെ പക്കലെത്തി. ദക്ഷിണാഫ്രിക്കയിലെ താമസക്കാലത്ത് മഹാത്മാ ഗാന്ധി ഉപയോഗിച്ച് കണ്ണടകളിലൊന്നാകാം ഇതെന്നാണ് ലേലക്കമ്പനി ഉടമ പറയുന്നത്.

ഈ മാസം ഒൻപതിന് ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് ഉടമ കണ്ണട നിക്ഷേപിച്ചിരുന്നത്.

' രസകരമായി വസ്തു എന്ന നിലയ്ക്കാണ് അദ്ദേഹം ഇവിടെ അത് നിക്ഷേപിച്ചത്. അതിന്റെ മൂല്യം അറിഞ്ഞിരുന്നില്ല. ഗുണമില്ലാത്തതാണെങ്കിൽ വലിച്ചെറിയാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ മൂല്യം അറിയിച്ചപ്പോൾ അദ്ദേഹം കസേരയിൽ വീണു പോയി.'- സ്റ്റീവ് പറഞ്ഞു

ചരിത്രരേഖകളിൽ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വർഷം പരിശോധിക്കുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളിൽ ഒന്നായിരിക്കും എന്നാണ് ഓക്‌ഷൻ ഹൗസ് അവകാശപ്പെടുന്നത്.