മുംബയ്: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങില്‍ പങ്കെടുത്ത വിദേശ തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ രാഷ്ട്രീയ ഭരണകൂടങ്ങളും മാദ്ധ്യമങ്ങളും ബലിയാടാക്കുകയും വേട്ടയാടുകയും ചെയ്തെന്നു മുംബയ് ഹൈക്കോടതി. തബ് ലീഗ് ജമാഅത്ത് ചടങ്ങില്‍ പങ്കെടുത്ത 29 വിദേശികള്‍ക്കെതിരേ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ മൂന്ന് പ്രത്യേക ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് പ്രാര്‍ഥന നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നാണ് പോലീസിന്റെ വാദം. നിസാമുദ്ദീന്‍ മര്‍കസിലെത്തിയ വിദേശികള്‍ക്കെതിരേ അച്ചടി മാദ്ധ്യമങ്ങളും ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളും സംഘടിതമായി വന്‍തോതില്‍ പ്രചാരണം നടത്തി.
ഇത് കൂടാതെ കൊവിഡ് പടരാന്‍ ഇവരാണ് ഉത്തരവാദികളെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ട്. കേസിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ വിദേശ തബ് ലീഗ് ജമാഅത്തുകാരെ ബലിയാടുകളാക്കിയതാവാനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തെ കുറിച്ചും കോടതി പരാമര്‍ശിച്ചു.