
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ കാരണം ഇടയ്ക്ക് വളരെ മാന്ദ്യത്തിലായിരുന്നു ചിപ്സ്, ശർക്കര വരട്ടി വിപണി. ബേക്കറികൾ മാത്രമല്ല, വഴിയോര കേന്ദ്രങ്ങളിലെ ചിപ്സ് വിൽപ്പന കേന്ദ്രങ്ങളും തുറക്കാനായിരുന്നില്ല. തലസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെയാണ് ബേക്കറികൾ തുറന്നത്. അതോടൊപ്പം ചിപ്സ് കടകളും സജീവമായി. ഓണമിങ്ങെത്തിയതോടെ ചിപ്സ് വിപണി ഉണർന്നു. ഓണസദ്യയ്ക്ക് ഒഴിവാക്കാനാവാത്തതാണ് ചിപ്സും ശർക്കര വരട്ടിയും. അതുകൊണ്ടുതന്നെ ഓണക്കാലത്ത് വൻ ഡിമാന്റാണ് ഇവയ്ക്ക്. പ്രത്യേകിച്ച് ചിപ്സിന്.
ഓണക്കാലമടുത്താൽ പൊതുവെ ചിപ്സിന് വിലകൂടും. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. ഏത്തൻ കായുടെ വിലയുടെ മാറ്റമനുസരിച്ചാണ് ചിപ്സ് വിലയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നത്. വാഴക്കുലകൾ ഏറെയും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഏത്തൻകായുടെ വില വർദ്ധിച്ചതോടെ ചിപ്സിനും വില കൂടിയിട്ടുണ്ട്.
കിലോയ്ക്ക് 380 രൂപാ മുതൽ 400 രൂപാ വരെയാണ് ഇപ്പോൾ ചിപ്സിന്റെ വില. ഓണ ദിവസമടുക്കുന്തോറും വില അൽപ്പംകൂടി കൂടിയേക്കാം. ഒരു മാസം മുമ്പ് 250നും 300നും ഇടയിലായിരുന്നു ചിപ്സിന്റെ വില. ഓണക്കച്ചവടം ഉഷാറാകുന്നതോടെ ചിപ്സിന്റെ വില 500നടുത്ത് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഏത്തൻ വില കൂടി
കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്ന ഏത്തൻകായ്ക്ക് ഇപ്പോൾ കിലോയ്ക്ക് 70 രൂപാ വരെ വില ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നാണ് പ്രധാനമായും ജൂലായ്, ആഗസ്ത് മാസങ്ങളിൽ ഏറ്റവുമധികം ഏത്തൻകായ എത്താറുള്ളത്. എന്നാൽ, കൊവിഡ് ഭീതി ഉയർന്നതോടെ അവിടെ നിന്നുമുള്ള വരവിൽ ഗണ്യമായ കുറവുണ്ടായി. ഇതാണ് വില ഉയരാൻ ഇടയാക്കിയത്. ഏത്തൻകായയ്ക്ക് പുറമെ വെളിച്ചെണ്ണയ്ക്ക് വില കൂടിയതും ചിപ്സിന്റെ വില കൂടാനിടയാക്കി.
എത്തൻകാ ചിപ്സിന് പുറമേ മരിച്ചീനി ചിപ്സ്, ചേമ്പ് ചിപ്സ് തുടങ്ങിയവയുമൊക്കെ വിപണിയിൽ ലഭ്യമാണ്. മരിച്ചീനി ചിപ്സിന് 175- 200 രൂപയാണ് വില.