mossimo

വാഷിംഗ്ടൺ: മകളുടെ കോളേജ് അഡ്മിഷന് കോഴ നൽകിയ കേസിൽ പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനർ മോസിമോ ജിയനൂലിയെ അഞ്ച് മാസം തടവിന് ശിക്ഷിച്ചു. സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ജിയനൂലിയുടെ ഭാര്യയും ഹോളിവുഡ് നടിയുമായ ലോറി ലോഗ്ലിനുള്ള ശിക്ഷ വൈകാതെ വിധിക്കും.

മകൾക്ക് യൂണിവേഴ്‌സിറ്റി ഒഫ് സതേൺ കാലിഫോർണിയയിൽ അഡ്മിഷൻ തരപ്പെടുത്തുന്നതിനായി 5,00,000 ഡോളർ കോഴ നൽകിയതായി ഇരുവരും സമ്മതിച്ചു. തന്റെ പ്രവൃത്തിമൂലം കുടുംബത്തിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നുവെന്നും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നെന്നും ജിയനൂലി പറഞ്ഞു. ജയിൽ ശിക്ഷയ്ക്ക് പുറമെ 2,50,000 ഡോളർ പിഴയും അടയ്ക്കണം. കോളജ് അഡ്മിഷൻ കോഴക്കേസിൽ ശിക്ഷിക്കപ്പെടുന്ന 21-ാമത്തെ രക്ഷാകർത്താവാണ് ജിയനൂലി. ഒാപ്പറേഷൻ വാഴ്‌സിറ്റി ബ്ലൂസ് എന്ന് പേരിട്ട അന്വേഷണത്തിടെയാണ് ജിയനൂലിയും ഭാര്യയും പിടിയിലാകുന്നത്‌.