vit

ലണ്ടൻ: വിറ്റോറിയ മാരിയോ എന്ന പതിനെട്ടുകാരിക്ക്, ടെയ്ലർ സ്വിഫ്റ്റ് വെറുമൊരു സൂപ്പർ ഗായികയല്ല. തന്റെ ഉപരിപഠന സ്വപ്‌നങ്ങൾ നിറവേറ്റാനെത്തിയ മാലാഖയാണ്.

വാർവിക് സർവകലാശാലയിൽ മാത്തമാറ്റിക്സ് കോഴ്സ് ചെയ്യുന്നതിനു വേണ്ടി വിറ്റോറിയ ഓൺലൈനിലൂടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. 39 ലക്ഷം രൂപയാണ് വിറ്റോറിയയ്ക്ക് താന​ഗ്രഹിച്ച കോഴ്സ് പഠിക്കാൻ വേണ്ടിയിരുന്നത്

'വിറ്റോറിയയുടെ കഥ ഓൺലൈനിലൂടെ അറിഞ്ഞു. സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആത്മാർത്ഥത ഏറെ പ്രചോദിപ്പിച്ചു. ലക്ഷ്യത്തിലേക്കുള്ള ബാക്കി പണമായ ഇരുപത്തിരണ്ടുലക്ഷം രൂപ ഞാൻ നൽകും. ആശംസകൾ.' - ടെയ്ലർ പറഞ്ഞു.

ടെയ്ലറാണ് തനിക്ക് ഇത്രയും വലിയ തുക നൽകിയതെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് വിറ്റോറിയ പറയുന്നു, വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ടെയ്ലറെപ്പോലൊരു സൂപ്പർതാരത്തിനടുത്തേക്ക് തന്റെ കഥ എത്തിയെന്നതും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് വിറ്റോറിയ പറയുന്നു. പഠനാവശ്യത്തിനുള്ള പണം സ്വരൂപിച്ചുകിട്ടിയെങ്കിലും ടെയ്ലറിന്റെ സംഭാവനയോടെ ഇപ്പോഴും നിരവധി പേർ തനിക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ടെയ്ലർക്ക് അഭിമാനമായി താൻ മികച്ച വിജയം വരിക്കുമെന്നും വിറ്റോറിയ കൂട്ടിച്ചേർത്തു.

നാലുവർഷങ്ങൾക്കു മുമ്പ് പോർച്ചു​ഗലിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ പെൺകുട്ടിയാണ് വിറ്റോറിയ. അതിനാൽ തന്നെ വായ്പയോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ ലഭിക്കാൻ തടസം നേരിട്ടിരുന്നു. സഹായം അഭ്യർത്ഥിച്ച് വിറ്റോറിയ നിരവധി മുൻനിര സ്ഥാപനങ്ങളെയുൾപ്പെടെ സമീപിച്ചിരുന്നു.