മേഗനും കെയ്റ്റും തമ്മിലുള്ള പ്രശ്‌നങ്ങൾ പുറത്ത്
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരനായ ഹാരിയും ഭാര്യ മേഗൻ മെർക്കലും രാജകുടുംബത്തിൽ നിന്നും പദവിയിൽ നിന്നും ഒഴിഞ്ഞു മാറി അമേരിക്കയിലേക്ക് താമസം മാറിയിട്ടും വിവാദങ്ങളൊഴിയുന്നില്ല. 'രാജകീയ ജീവിതത്തിനിടയിൽ' ചേട്ടന്റെയും അനുജന്റെയും ഭാര്യമാർ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മേഗനും ഹാരിയുടെ ചേട്ടൻ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽറ്റനും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള റോയൽ എക്‌സ്‌പർട്ട് കാറ്റി നിക്കോളാണ് ഒരു ഡോക്യുമെന്ററിയിൽ പരാമർശിച്ചത്.
രാജകുടുംബത്തിലേക്കെത്തിയെ ആദ്യ ദിനങ്ങളിൽ കെയ്റ്റിൽ നിന്നും ചില കാര്യങ്ങളിൽ പിന്തുണയും സഹകരണവും മേഗൻ പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ഒരുപാട് തിരക്കുകളുള്ള കെയ്റ്റ് ഇത്തരത്തിലൊരു സമീപനമായിരുന്നില്ല മേഗനോട് പുലർത്തിയിരുന്നതെന്നും കാറ്റി പറയുന്നു. കെയ്റ്റിന്റെ രീതി വളരെ വ്യക്തിപരമായാണ് മേഗൻ എടുത്തതെന്നും ഇവർ പറഞ്ഞു. മേഗനും കെയ്റ്റും തമ്മിൽ വ്യക്തിപരമായി അകൽച്ചയുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
മേഗന്റെയും ഹാരിയുടേയും രാജകുടുംബത്തിലെ ജീവിതം വിവരിക്കുന്ന ഫൈൻഡിംഗ് ഫ്രീഡം മേഗൻ ആൻഡ് ഹാരി എന്ന പുസ്തകത്തിലും ഇതു സംബന്ധിച്ചുള്ള സൂചനകളുണ്ട്. മേഗന്റെ ഭാഗത്തു നിന്നും സൗഹൃദത്തിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്. പരസ്പരം തർക്കങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ഇരുവർക്കുമിടയിലുള്ള ഭിന്നതകൾ പരസ്യമായിരുന്നു. ഒരേ സ്ഥലത്തേക്ക് ഷോപ്പിംഗിന് പോവുകയാണെങ്കിലും കെയ്റ്റ് തന്റെ സ്വന്തം കാറിൽ പോവുകയായിരുന്നു പതിവെന്നും പുസ്തകത്തിൽ പറയുന്നു.
മേഗനെതിരെ മാദ്ധ്യമ പക്ഷാപാതവും
ബ്രിട്ടനിലെ മാദ്ധ്യമങ്ങൾക്ക് കേറ്റിനോടും മേഗനോടുമുള്ള സമീപനം വ്യത്യസ്തമായിരുന്നു. ഗാർഡിയൻ നടത്തിയ പഠനത്തിൽ 2018 മുതൽ 14 ന്യൂസ് പേപ്പറുകളിലായി വന്ന 843 ആർട്ടിക്കിളുകളിൽ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. 20 ശതമാനം ആർട്ടിക്കിളുകൾ മേഗനെ പിന്തുണയ്ക്കുന്നതും 36 ശതമാനം നിഷ്പക്ഷവുമായിരുന്നു. കെയ്റ്റിനേക്കാൾ മാദ്ധ്യമങ്ങളുടെ വിമർശനം കൂടുതൽ ഏറ്റുവാങ്ങിയതും മേഗനാണ്.
മേഗനു നേരെ വരുന്ന ആക്രമണങ്ങളിൽ പലതും വംശീയവും വ്യക്തി ജീവിതത്തെ ആധാരമാക്കിയുള്ളവയുമായിരുന്നു.
വിവാഹ മോചിത, ആഫ്രിക്കൻ പാരമ്പര്യം, ഹാരിയെക്കാളും മൂന്നു വയസ് കൂടുതൽ, അഭിനേത്രി, മേഗനും പിതാവും തമ്മിലുള്ള അകൽച്ച തുടങ്ങിയവ ടാബ്ളോയിഡുകൾ മേഗനെതിരെയുള്ള ആയുധമാക്കി.