bald

പാരീസ്: ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 17കാരിക്ക് കുടുംബത്തിന്റെ ക്രൂര മർദ്ദനം. തലമൊട്ടയടിക്കുകയും തല്ലിചതയ്ക്കുകയും ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയെന്നാരോപിച്ച് മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ കേസെടുത്തു. ബോസ്‌നിയൻ വംശജരായ മുസ്ലീം കുടുംബമാണ് വിചാരണ നേരിടുന്നത്. കുട്ടിയുടെ മാതാപിതാക്കൾ, പിതൃസഹോദരൻ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെയാണ് കേസ്.

'ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ തല മൊട്ടയടിക്കുകയും മർദ്ദിക്കുകയും ചെയ്യുക.. ഒരു പതിനേഴുകാരി നേരിടേണ്ടി വന്ന ഈ അതിക്രമം ഞെട്ടലുണ്ടാക്കുന്നു' എന്നാണ് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമനിൻ ട്വീറ്റ് ചെയ്തു.
ഫ്രാൻസിലെ കിഴക്കൻ മേഖലയിലെ ബെസാൻകോൺ നഗരത്തിലാണ് സംഭവം. ക്രിസ്ത്യാനിയായ ഒരു യുവാവുമായി കൗമാരക്കാരിയായ പെൺകുട്ടി പ്രണയത്തിലായതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. സെർബിയൻ വംശജനായ യുവാവുമായുള്ള പ്രണയത്തെ എതിർത്ത വീട്ടുകാർ പെൺകുട്ടിയെ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂട്ടർമാർ അറിയിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ജുഡീഷ്യൽ നിയന്ത്രണത്തിൽ പിന്നീട് റിലീസ് ചെയ്തു. ഇവർക്ക് പെൺകുട്ടിയെ കാണാനോ സംസാരിക്കാനോ അനുവാദമില്ല.