മോസ്കോ : വ്യാഴാഴ്ച സൈബീരിയയിൽ നിന്നും മോസ്കോയിലേക്ക് വിമാനയാത്രയ്ക്കിടെ റഷ്യയിലെ കരുത്തനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ഒരു കപ്പ് ചായ കുടിച്ച ശേഷം ബോധരഹിതനാവുകയും അതീവ ഗുരുതരാവസ്ഥയിൽ കോമാ സ്‌റ്റേജിലേക്ക് വഴുതി വീഴുകയും ചെയ്ത കാര്യം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. 44 കാരനായ അലക്സിയ്ക്ക് വിഷം നൽകിയതാണെന്നാണ് പാർട്ടി വൃത്തങ്ങളും റഷ്യൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അലക്സിയ്ക്ക് നേരെ നടന്ന ആസൂത്രിത കൊലപാതക ശ്രമമാണത്രെ അത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനാണ് അലക്സി. പുടിന്റെ അറിവോടെ തന്നെ അലക്സിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. 2018 തിരഞ്ഞെടുപ്പിൽ പുടിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച നാൾ മുതൽ അലക്സി നേരിട്ടത് ജയിൽവാസം ഉൾപ്പെടെയുള്ള ശിക്ഷകളാണ്. 2019ലും അലക്സിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടിരുന്നു. കേൾക്കുമ്പോൾ ജെയിംസ് ബോണ്ട് പടങ്ങളുടെ തിരക്കഥ പോലെ തോന്നാേം പക്ഷേ, ഒരു കാര്യം സത്യമാണ് അലക്സിയ്ക്ക് നേരെ നടന്നത് വധശ്രമമാണെങ്കിലും അല്ലെങ്കിലും ഇതുവരെ വിഷബാധയേറ്റും വെടിയേറ്റും ദുരൂഹസാഹചര്യത്തിൽ മരിച്ച പുടിൻ വിമർശകർ ഒന്നും രണ്ടുമൊന്നുമല്ല.
വിമർശകർക്ക് ആയുസില്ല !
പുടിന്റെ വിമർശകരും എതിരാളികളും എത്ര ഉന്നതർ ആണെങ്കിൽ പോലും മരണം അവരുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ആദ്യം പുടിന്റെ സുഹൃത്തും പിന്നീട് എതിരാളിയുമായി മാറിയ ബോറിസ് ബെറെസോവ്സ്കി 2013ലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അടുത്ത ഇര റഷ്യയിലെ മുൻ മാദ്ധ്യമ മന്ത്രിയായിരുന്ന മിഖായിൽ ലെസിൻ ആണ്. 2015ൽ വാഷിംഗ്ടണിലെ ഒരു ഹോട്ടൽ മുറിയ്ക്കുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ചനിലയിലാണ് മിഖായിലിനെ കണ്ടെത്തിയത്. ഹോട്ടൽ മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. മിഖായിൽ അമേരിക്കൻ രഹസ്യന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുമായി കൂടിക്കാഴ്ച നടത്താനാണ് എത്തിയതെന്നായിരുന്നു സൂചന. എന്നാൽ ഈ കൊലപാതകത്തെ പറ്റി ഒരു തുമ്പുപോലും പിന്നീട് കണ്ടെത്തിയിട്ടില്ല.
2006ൽ അന്ന പൊലിറ്റ്കോവസ്കായ എന്ന മാദ്ധ്യമപ്രവർത്തക വെടിയേറ്റ് മരിച്ചു. 2015 മുൻ ഉപപ്രധാനമന്ത്രിയായിരുന്ന ബോറിസ് നെംറ്റ്സോവും വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് പേരും പുടിന്റെ കണ്ണിലെ കരടായി മാറിയവർ ആയിരുന്നു. 2009ൽ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാനിസ്‌ലേവ് മർക്കലോവ് വെടിയേറ്റ് കൊല്ലപ്പെട്ടു. 2009ൽ തന്നെ അഭിഭാഷകനായ സെർജി മാഗ്നിറ്റ്സ്കി റഷ്യൻ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ അതിക്രൂരമായി മർദ്ദനമേറ്റു കൊല്ലപ്പെട്ടു. അതേ വർഷം തന്നെ മാദ്ധ്യമ പ്രവർത്തകയായ നറ്റാലിയ എസ്‌റ്റെമിറോവയും വെടിയേറ്റ് മരിച്ചു. 2003ൽ മാദ്ധ്യമപ്രവർത്തകനായ യൂറി ഷെകൊചിഖിൻ അജ്ഞാത രോഗം ബാധിച്ച് 16 ദിവസത്തിനുള്ളിൽ മരിച്ചു. അദ്ദേഹത്തിന് എന്തായിരുന്നു രോഗമെന്നോ ഡോക്ടർമാരുടെ രേഖകളോ ഇന്നും അദ്ദേഹത്തിന്റെ മരണം പോലെ അജ്ഞാതമായി തുടരുന്നു.
അന്നും ഇന്നും വിഷം !
പുടിന്റെ വിമർശകരെ തെളിവുകൾ ഒന്നും അവശേഷിക്കാതെ ഒരു ദുരൂഹമരണത്തിന് ഇരയാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത് പോയിന്റ് ബ്ലാങ്കുകൾ അല്ല. അത് വിഷമായിരുന്നു. അലക്സിയ്ക്ക് ഇപ്പോൾ സംഭവിച്ച രീതിയിൽ തന്നെ വിഷം ആയിരുന്നു ആ കൊലപാതകങ്ങളിലെ ആയുധം. ചരിത്രാതീതകാലം മുതൽ തന്നെ സംശയം തോന്നാത്ത രീതിയിൽ ശത്രുക്കളെ വകവരുത്താൻ ഉപയോഗിച്ചിരുന്ന അതേ ആയുധം തന്നെയായിരുന്നു പുടിന്റെ വിമർശകരെയും തേടിയെത്തിയത്.
1. അല്കസാണ്ടർ ലിറ്റ്‌വിനെൻകോ
മുൻ റഷ്യൻ ഇന്റലിജൻസ് ഏജന്റ്. 2006ൽ ലണ്ടനിൽ കൊല്ലപ്പെട്ടു. റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ കുടിച്ച ഒരു കപ്പ് ചായയാണ് അലക്സാണ്ടറെ കൊന്നത്. ചായയിൽ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം കലർത്തിയിരുന്നു. റഷ്യൻ ഭരണകൂടം നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് യു.കെ ആരോപിച്ചിരുന്നെങ്കിലും പുടിൻ തള്ളി.
2. സെർജി സ്ക്രിപൽ
മുൻ റഷ്യൻ ഇന്റലിജൻസ് ഓഫീസർ. 2018ൽ ഇദ്ദേഹത്തിനും മകൾക്കും ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ വച്ച് വിഷബാധയേറ്റു. നാഡിവ്യവസ്ഥയെ ബാധിക്കുന്ന മാരകമായ രാസവസ്തുവായിരുന്നു ഇതിന് പിന്നിൽ. ഭാഗ്യവശാൽ രണ്ട് പേരും രക്ഷപ്പെട്ടു. റഷ്യയിൽ നിന്നും രണ്ട് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാർ കള്ള പാസ്പോർട്ടിൽ യു.കെയിൽ എത്തിയതായി കണ്ടെത്തിയിരുന്നു.
3. എമിലിയൻ ഗെബ്രെവ്
ബൾഗേറിയൻ ആയുധ ഇടനിലക്കാരൻ. 2015ൽ ഇദ്ദേഹത്തിനും മകനും, സെർജി സ്ക്രിപലിന്റെ ഉള്ളിൽ ചെന്ന സമാന വിഷബാധയേറ്റിരുന്നു. സെർജിയുടെ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട അതേ മിലിട്ടറി ഇന്റലിജൻസ് ഏജന്റുമാരായിരുന്നു ഇതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. എമിലിയനും മകനും രക്ഷപ്പെട്ടിരുന്നു.
4. വിക്ടർ യൂഷ്ചെൻകോ
2004ലെ ഉക്രയിൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനിടെ ഡൈയോക്സിൻ വിഷബാധയേറ്റെങ്കിലും രക്ഷപ്പെട്ടു.
എന്തുകൊണ്ട് അവർ രക്ഷപ്പെട്ടു ?
വിഷബാധയേറ്റ് മരിച്ചതും മരണം നേരിൽ കണ്ടതുമായ പുടിൻ വിമർശകർ അറിയുന്നതും അറിയപ്പെടാത്തതുമായി ഇനിയുമുണ്ട്. വിഷബാധയേറ്റും വെടിയേറ്റുമുള്ള ഈ മരണങ്ങളിൽ ഒറ്റയൊരണ്ണത്തിൽ പോലും യഥാർത്ഥ കൊലപാതകികളെ പറ്റി പുറംലോകം അറിഞ്ഞിട്ടുമില്ല. വധശ്രമത്തിനിടെ എമിലിയനും യൂഷ്ചെൻകോയുമുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടിട്ടും ചിലർക്കെങ്കിലും തോന്നാം എന്തുകൊണ്ട് അവരെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചില്ല എന്ന്. കാരണമുണ്ട്, ഒറ്റ ബുള്ളറ്റിൽ ശത്രുവിന്റെ കഥ കഴിക്കുന്നതിനേക്കാൾ താൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്ന ഭയം ശത്രുവിന്റെ ഉള്ളിൽ നിറയ്ക്കുന്നതിനാണത്രെ പുടിന് താത്പര്യം കൂടുതൽ. ആഹാരം കഴിക്കുമ്പോൾ പോലും പുടിന്റെ ശത്രുക്കൾ ഭയപ്പെട്ടേക്കാം. മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽ തന്നെ കാണാമല്ലോ, അമേരിക്കയായലും ഇനി യു.കെ ആയാലും ശത്രുക്കൾക്ക് രക്ഷയില്ല !