lic

 ഐ.പി.ഒ ഉപദേശകരായി ഡിലോയിറ്റ്, എസ്.ബി.ഐ കാപ്പിറ്റൽ മാർക്കറ്റ് എന്നിവയെ നിയമിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്താനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. ഐ.പി.ഒ നടപടികളുടെ ഉപദേശകരായി ഡിലോയിറ്റ്, എസ്.ബി.ഐ കാപ്പിറ്റൽ മാർക്കറ്റ്സ് എന്നിവയെ നിയോഗിച്ചേക്കുമെന്നാണ് സൂചന. ഇതു ധനമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

എൽ.ഐ.സിയുടെ മൂലധനഘടനയും സാമ്പത്തിക പ്രവർത്തനവും വിലയിരുത്തി, ഐ.പി.ഒയ്ക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് ഉപദേശകരുടെ പ്രധാന ജോലി. കൊവിഡും ലോക്ക്ഡൗണും മൂലം രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങളുടെ താളംതെറ്റിയത് കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ധനക്കമ്മി, നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 80 ശതമാനം ആദ്യ മൂന്നുമാസത്തിൽ തന്നെ കവിഞ്ഞു.

ഈ സാഹചര്യത്തിൽ, ക്ഷേമപ്രവർത്തനങ്ങൾക്കും മറ്റു ചെലവുകൾക്കും പണം കണ്ടെത്താനും ധനക്കമ്മി കുറയ്ക്കാനും പൊതുമേഖലാ ഓഹരി വില്പന ഊർജിതമാക്കുന്നതിന്റെ ഭാഗമാണ് എൽ.ഐ.സി ഐ.പി.ഒ.

ഇൻഷ്വറൻസ് ഭീമൻ!

70 ശതമാനത്തിലേറെ വിപണി വിഹിതവുമായി ഇൻഷ്വറൻസ് രംഗത്ത് ഇന്ത്യയിലെ ഭീമനാണ് എൽ.ഐ.സി. 10 ലക്ഷം കോടി രൂപവരെ മൂല്യം എൽ.ഐ.സിക്കുണ്ടെന്നാണ് വിലയിരുത്തൽ.

ലക്ഷ്യം ₹90,000 കോടി

ഏകദേശം 31 ലക്ഷം കോടി രൂപയാണ് എൽ.ഐ.സിയുടെ ബാലൻസ്ഷീറ്റിന്റെ വലുപ്പം. 100 ശതമാനം ഓഹരികളും സർക്കാരിന്റെ സ്വന്തം. 8-10 ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കുക. ഇതിലൂടെ 90,000 കോടി രൂപയുടെ റെക്കാഡ് സമാഹരണമാണ് കേന്ദ്ര ലക്ഷ്യം.

ഓഹരി വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ ഭീമനുമായ എൽ.ഐ.സിയുടെ മൊത്തം നിക്ഷേപങ്ങളിൽ മുഖ്യപങ്കും ഓഹരി-കടപ്പത്ര വിപണികളിലാണ്. എന്നാൽ, എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടില്ല. ഈ കുറവ് നികത്തുകയും ഐ.പി.ഒയുടെ ലക്ഷ്യമാണ്.

₹2.10 ലക്ഷം കോടി

നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ ഉന്നം. 90,000 കോടി രൂപ എൽ.ഐ.സി ഐ.പി.ഒ വഴിയും ബാക്കി ബി.പി.സി.എൽ ഉൾപ്പെടെ ഏതാനും പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്പനയിൽ നിന്നുമാണ് ഉദ്ദേശിക്കുന്നത്.