isis

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഐസിസ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരങ്ങൾ പുറത്ത്. ദൗല ക്വാന്‍ പ്രദേശത്ത് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ വെള്ളിയാഴ്ചയാണ് ഭീകരനെ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളാണ് അറസ്റ്റിലായതന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആഗസ്റ്റ് 15ന് രാജ്യ തലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും എന്നാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കാരണമാണ് പദ്ധതി ഉപേക്ഷിച്ചതെന്നും വിവരങ്ങൾ പുറത്ത് വരുന്നു. ഭീകരന്റെ കൈവശം നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ദൗല ക്വാന്‍, കരോള്‍ ബാഗ് എന്നീ സ്ഥലങ്ങള്‍ക്കിടയിലുള്ള കുന്നിന്‍ പ്രദേശത്ത് ഇയാളുടെ സാന്നിധ്യത്തെ കുറിച്ച് പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.

രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് ഇയാള്‍ ആസൂത്രണം ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഡല്‍ഹിയിലെ ബുദ്ധജയന്തി പാര്‍ക്കിനു സമീപം പൊലീസും ഭീകരനുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇയാള്‍ പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്ലിന്റെ ഓഫിസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.