renuka-surya

അടൂർ: അഞ്ചൽ സ്വദേശിയായ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭർത്താവ് സൂരജിന്റെ മാതാവ് രേണുക (45), സഹോദരി സൂര്യ (21) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.

നാലുതവണ ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

അറസ്റ്റിലായി 80 ദിവസം ജയിലിൽ കഴിഞ്ഞ സൂരജിന്റെ പിതാവ് സുരേന്ദ്രൻ ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയിരുന്നു.

ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, വിവരം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രേണുകയെയും സൂര്യയെയും അറസ്റ്റുചെയ്തത്. ഇതേ കുറ്റങ്ങൾക്കുപുറമേ ഉത്രയുടെ സ്വർണം ഒളിപ്പിച്ചുവച്ച വകുപ്പ് കൂടിചുമത്തിയായിരുന്നു സുരേന്ദ്രന്റെ അറസ്റ്റ്. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാനായി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം.

ഡിവൈ. എസ്. പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പറക്കോട്ടെ വീട്ടിൽ എത്തി സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്.

മേയ് 6 ന് രാത്രിയിലാണ് ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും അറിവോടെ സൂരജ് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞത്.

മേയ് രണ്ടിന് രാത്രി പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ കിടപ്പുമുറിയിൽവച്ച് അണലിയെകൊണ്ട് സൂരജ് കടിപ്പിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ഉത്ര ആരോഗ്യം വീണ്ടെടുത്തു. അവിടെ നിന്ന് അഞ്ചലിലെ തന്റെ വീട്ടിലേക്കാണ് ഉത്ര പോയത്. മൂഖൻപാമ്പുമായി ആറിന് ഉത്രയുടെ വീട്ടിൽ എത്തിയ സൂരജ് ഇവിടെവച്ച് രാത്രിയിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതായാണ് കേസ്. ശീതീകരിച്ച മുറിക്കുള്ളിൽ പാമ്പ് എങ്ങനെ കയറി എന്ന സംശയമാണ് അന്വേഷണം സൂരജിലെത്തിച്ചത് . സൂരജിനെ അറസ്റ്ര് ചെയ്തതോടെ മറ്റുള്ളവരുടെ പങ്കും വ്യക്തമായി.