മോസ്‌കോ: അഴിമതിക്കെതിരായ പോരാട്ടമാണ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ ജനപ്രിയനാക്കിയത്. അതുകൊണ്ടാവണം, അദ്ദേഹത്തിനെതിരായ വധശ്രമത്തിന്റെ സംശയമുന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനിലേക്ക് നീളുന്നത്. നവാൽനിക്ക് ചായയിൽ വിഷം കലർത്തി നൽകിയെന്നാണ് റിപ്പോർട്ട്.
പുടിന്റെ പ്രധാന വിമർശകരിൽ ഒരാളാണ് നവൽനി. ജന പിന്തുണ ഏറെയുള്ള നവൽനി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തലവേദനയാകുമെന്ന് സർക്കാർ വിശ്വസിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിനെതിരെ വധശ്രമം ഉണ്ടായത്. 2007ൽ ദ പീപ്പിൾ എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിച്ചതോടെയാണ് നവൽനി കൂടുതൽ ജനകീയനായത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം നേടി. കുടിയേറ്റ വിരുദ്ധ വിഷയങ്ങൾ, അന്ധമായ ദേശീയത, 2008 ലെ റുസോ-ജോർജിയൻ യുദ്ധം, ദേശീയവാദ ഗ്രൂപ്പുകളുടെ നിലപാടുകൾ എന്നിവയിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചു.
സർക്കാരിന്റെ അഴിമതിയെക്കുറിച്ചും അധികാര കേന്ദ്രങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പതിവായി ആരോപണങ്ങൾ ഉന്നയിച്ച നേതാവ് കൂടിയാണ് അദ്ദേഹം. 2011ൽ സ്ഥാപിച്ച ആന്റി കറപ്‌ഷൻ ഫൗണ്ടേഷനിലൂടെ നവൽനി, സർക്കാർ നടത്തുന്ന വഴിവിട്ട ബന്ധങ്ങളും അഴിമതിയും പുറത്ത് കൊണ്ടുവന്നു. പിന്നീട് ആരംഭിച്ച യൂട്യൂബ് ചാനൽ ജനങ്ങൾ ഏറ്റെടുത്തതോടെ നവൽനി സർക്കാരിന്റെ കണ്ണിലെ കരടായി. 2019 ൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2017ൽ രാസ പദാർത്ഥം ഉപയോഗിച്ചുള്ള ആക്രമണത്തിനും അദ്ദേഹം ഇരയായി.
നവൽനിയുടെ അഴിമതിയന്വേഷണങ്ങളിൽ മുൻ പ്രോസിക്യൂട്ടർ ജനറൽ യൂറി ചൈക്കയും, മുൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും ഉൾപ്പെട്ടിരുന്നു. ഇതോടെ സർക്കാർ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. 2017ൽ മെദ്‌വദേവിന്റ നേതൃത്വത്തിൽ നടന്ന അഴിമതി ഇടപാടുകൾ നവൽനി പുറത്തുവിട്ടതോടെ രാജ്യത്ത് സർക്കാർ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ജനകീയ സമരങ്ങളിൽ മുന്നിൽ നിന്ന നവൽനി അറസ്‌റ്റിലായി. ഈ സംഭവമാണ് അദ്ദേഹത്തെ 2018ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കാനുള്ള കാരണമായി എതിരാളികൾ ഉപയോഗിച്ചത്.
അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നെയും ആവർത്തിച്ചു. ഏകപക്ഷീയവും അന്യായവുമായ നടപടികൾ എന്നാണ് ഈ സംഭവങ്ങളെ യൂറോപ്യൻ മനുഷ്യാവകാശ കോടതി വിലയിരുത്തിയത്.
പുടിന്റെ വിമർശകർക്ക് മരണവഴിയോ?
പുടിന്റെ കടുത്ത വിമർശകരെല്ലാം തന്നെ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് റഷ്യയിൽ പതിവാണ്. ബോറിസ് നെംറ്റ്‌സോവ്, ബോറിസ് ബെറെസോവ്‌സ്‌കി, സ്റ്റാനിസ്ലേവ് മർക്കലോവ്, സെർജി മാഗ്‌നിറ്റ്സ്‌കി, സെർജി സ്‌ക്രിപാൽ, പ്യോട്ടർ വെർസിലോവ്, വ്‌ലാഡിമിർ കാര മുർസ, നതാലിയ എസ്റ്റെമിറോവ, അന്ന പൊളിറ്റ്‌കോവ്‌സ്‌കയാ, അലക്‌സാണ്ടർ ലിറ്റ്വിനെൻകോ, സെർജി യുഷെന്‍കോവ്, യൂറി ഷെകെച്ചോഹിം എന്നിവരെല്ലാം പുടിന്റെ കടുത്ത വിമർശകരായിരുന്നു. ഇവരുടെയെല്ലാം മരണത്തിൽ ഇന്നും ദുരൂഹത നിലനിൽക്കുകയാണ്.