tu

അങ്കാറ: ഹഗിയ സോഫിയയ്ക്ക് പിന്നാലെ രാജ്യത്തെ പുരാതനമായ മറ്റൊരു ക്രിസ്ത്യൻ ദേവാലയം കൂടി മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് തുർക്കി. ഇസ്താംബൂളിലെ ചോരയിലെ പുരാതന ഓർത്തഡോക്സ് ദേവാലയമായിരുന്ന ദ ഹോളി സേവ്യർ ചർച്ചാണ് മുസ്ലിം ആരാധനാലയമാക്കി മാറ്റുന്നത്. തുർക്കിയിൽ 'കാരിയെ" എന്നാണ് ഇത് അറിയപ്പെടുന്നത്,

ഹാഗിയ സോഫിയയെ മോസ്ക് ആക്കി മാറ്റി ഒരു മാസം പൂർത്തിയാകുന്നതിനിടെയാണ് തുർക്കിയുടെ പുതിയ നടപടി. പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗന്റെ തീരുമാനം രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ് വന്നത്. ഇതനുസരിച്ച്, ഇസ്താൻബുളിന്റെ സെന്റ് സേവ്യർ ചർച്ച്, തുർക്കി മത അതോറിറ്റിക്ക് കൈമാറി. മുസ്ലിം പ്രാർത്ഥനകൾക്കായി ഇനി ഇത് തുറക്കും.

ഹാഗിയ സോഫിയയുടേതിന് സമാനമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്രിസ്ത്യൻ പള്ളിയുടേയും ചരിത്രം. കഴിഞ്ഞ കുറേ കാലമായി ഇതും മ്യൂസിയമായി പ്രവർത്തിച്ചു വരികയായിരുന്നു. മുസ്ലിം പള്ളിയായ ശേഷമുള്ള ആദ്യ പ്രാർത്ഥന എന്ന് നടക്കുമെന്ന് വ്യക്തമല്ല. രാജ്യത്തെ മതപരമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എർദോഗന്റെ പുതിയ നീക്കം.
വിശ്വാസികൾക്കെതിരായ മറ്റൊരു പ്രകോപനപരമായ നടപടിയെന്നാണ് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. നാടിന് നാണക്കേടാണിതെന്ന് പ്രധാന പ്രതിപക്ഷമായ എച്ച്.ഡി.പി പാർട്ടി പ്രതികരിച്ചു.
കഴിഞ്ഞ ജൂലായ്‌ 11നാണ് തുർക്കി ഗവണ്മെന്റ് ഹഗിയ സോഫിയയെ വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് ആരാധനയ്ക്കായി തുറന്നു കൊടുത്തത്.

ആയിരത്തോളം വർഷം പഴക്കം

ഹഗിയ സോഫിയയോട് ഒപ്പം പഴക്കവും പാരമ്പര്യവുമുള്ള കെട്ടിടമാണ് കാരിയെ മ്യൂസിയം. ആയിരം വർഷത്തോളം പഴക്കമുണ്ടതിന്. 12ാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കത്തിൽ തകർന്ന പള്ളി 1077 കാലഘട്ടത്തിൽ പുനർനിർമ്മിച്ചു. 14-ാം നൂറ്റാണ്ടിൽ ഓട്ടോമൻ സേനയുടെ അധിനിവേശക്കാലത്ത് ഇത് മുസ്ലിം പള്ളിയാക്കി മാറ്റി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത് മ്യൂസിയമാക്കി മാറ്റുകയായിരുന്നു.