കൊച്ചി: ജിമ്മില്‍ നിന്നുള്ള പലതരം വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ ടൊവിനോ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ ഒരാള്‍ കൂടിയുണ്ട്.
അച്ഛനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. കൈയിലെ മസിലുകള്‍ പ്രദര്‍ശിപ്പിച്ചാണ് ഇരുവരുടെയും നില്‍പ്പ്.
'എന്റെ അച്ഛന്‍. വഴികാട്ടി. ഉപദേശി. പ്രോത്സാഹിപ്പിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നയാള്‍. ഒപ്പം വ്യായാമത്തിലെ പങ്കാളിയും. അദ്ദേഹത്തിന്റെ ഇടത് നെഞ്ചില്‍ കാണുന്നത് 2016ല്‍ വച്ച ഒരു പേസ്‌മേക്കര്‍ ആണ്. പക്ഷേ അതിനുശേഷം അദ്ദേഹം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി', ടൊവിനോ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് ടൊവിനോയുടെ പുതിയ ചിത്രം. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ നേരിട്ട് ടെലിവിഷനിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഓണത്തിനാണ് പ്രീമിയര്‍.