bela

മിൻസ്‌ക്: ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ബലാറസിലെ പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവു കൂടിയായ സ്വെറ്റ്‌ലാന പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അവർ താൻ അധികാരക്കൊതി മൂത്ത് നടക്കുന്ന ആളല്ലെന്ന് അവർ വ്യക്തമാക്കിയത്. ആഗസ്റ്റ് 9ന് നടന്ന തിരഞ്ഞെടുപ്പിൽ ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആളാണ് സ്വെറ്റ്‌ലാന. പരാജയത്തെത്തുടർന്ന് അവർ അടുത്ത രാജ്യമായ ലിത്വാനിയയിൽ അഭയം തേടിയിരുന്നു. ലുകാഷെങ്കോയുടെ ഭരണത്തിനെതിരെ ജനരോഷം ശക്തമായതോടെയാണ് സ്വെറ്റ്‌ലാന വീണ്ടും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത്. അന്ന് ബലാറസിൽ പ്രസിഡന്റാകാൻ തയാറാണെന്ന് സ്വെറ്റ്‌ലാന അറിയിച്ചിരുന്നു. തുടർന്ന് താൻ അധികാരം പങ്കിടാൻ തയാറാണെന്ന് പ്രസിഡന്റ് ലുകാഷെങ്കോയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാലും ഭരണത്തിലേറാൻ തനിക്ക് താത്പര്യമില്ലെന്ന് 37കാരിയായ സ്വെറ്റ്‌ലാന അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആഗ്രഹിക്കുന്നില്ലെന്നും ഇംഗ്ളീഷ് അദ്ധ്യാപിക കൂടിയായ സ്വെറ്റ്‌ലാന വ്യക്തമാക്കി.