ലോസ്ആഞ്ചലസ് : ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി... ആരെയും വരുതിയിലാക്കാനുള്ള ആയുധശക്തിയും കൗശലവിദ്യയും നയതന്ത്ര ഇടപെടലുകളും. പക്ഷേ, കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് മുന്നിൽ മാത്രം മുട്ടുമടക്കേണ്ടി വന്നു അമേരിക്കയ്ക്ക്. 5,799,000 ത്തിലധികം കൊവിഡ് രോഗികൾ. 179,200 ലേറെ മരണം. സാമ്പത്തികമായും മാനസികമായും ഭൂരിഭാഗം അമേരിക്കൻ ജനതയും മുറിവേറ്റ അവസ്ഥയിലാണ്. ഇതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വരവ്.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ട്രംപിന് മുന്നിൽ തുടർഭരണ മോഹം യാഥാർത്ഥ്യമാകുമോ.? 'ആകില്ല ' എന്ന് പറയുന്നവർ ആദ്യം ചൂണ്ടിക്കാണിക്കുന്നത് കൊവിഡിൽ പകച്ച് നില്ക്കുന്ന അമേരിക്കയെ ആണ്. കൊവിഡ് പ്രതിരോധത്തിൽ ഡൊണാൾഡ് ട്രംപിന് വീഴ്ച പറ്റിയെന്നാണ് വിമർശകർ പറയുന്നത്. മുന്നറിയിപ്പുകൾ മുന്നിലുണ്ടായിട്ടും കൊവിഡിനെ നിസാരമായി കണ്ടുവെന്നത് തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി ആയേക്കുമെന്നാണ് വിലയിരുത്തൽ. ജനുവരി 20ന് അമേരിക്കയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടും ട്രംപ് ഭരണകൂടം അത് കാര്യമാക്കിയില്ല. ചൈനാ വൈറസ് എന്ന് വിളിച്ച് വിലകുറച്ച് കാണുകയും ചെയ്തു.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പോലെ അല്പായുസ് ആകും കൊവിഡിന് എന്ന് കരുതിയ ട്രംപിന് തെറ്റി. ഫെബ്രുവരിയിൽ ട്രംപ് അമേരിക്കൻ ജനതയോട് പറഞ്ഞത് കൊവിഡ് ഉടൻ തന്നെ അപ്രത്യക്ഷമാകുമെന്നുമാണ്. എന്നാൽ മാർച്ച് അവസാനിക്കാറായപ്പോഴേക്കും അമളി തിരിച്ചറിഞ്ഞ ട്രംപിന് കൊവിഡ് ഒരു മഹാമാരിയാണെന്ന് സമ്മതിക്കേണ്ടി വന്നു. എന്നിട്ടും വാചകമല്ലാതെ രോഗത്തെ തടയാനുള്ള നടപടികൾ സ്വീകരിക്കാൻ ട്രംപ് ഉത്സാഹിച്ചില്ല. രോഗവ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആവർത്തിച്ച് പറഞ്ഞിട്ടും ട്രംപും റിപ്പബ്ലിക്കൻ സ്‌റ്റേറ്റുകളും വകവച്ചില്ല.
ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് കർശന ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമായിരുന്നു. സ്റ്റേറ്റുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വന്നപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. അമേരിക്കയുടെ ഓരോ കോണിലേക്കും കൊവിഡ് എത്തിയിരുന്നു. ട്രംപിന് വിപണി സജീവമാക്കാനായിരുന്നു തിടുക്കം. രാജ്യം അടച്ചിട്ടാലുള്ള സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് ട്രംപിന്റെ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ ഗോൾ അടിക്കാൻ ശ്രമിച്ചത്. ജനുവരിയിൽ തന്നെ ചൈനയിലെ കൊവിഡിനെ പറ്റി അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ ട്രംപിന് റിപ്പോർട്ട് കൈമാറിയിട്ടും കുലുങ്ങാതിരുന്ന ട്രംപിനെ ബൈഡൻ കടന്നാക്രമിച്ചു.
കൊവിഡ് സാധാരണ പനി പോലെയാണെന്ന് പറഞ്ഞ് മാർച്ച് വരെ ട്രംപ് സമയം പാഴാക്കി എന്ന ആരോപണം ശക്തമായി. കൊവിഡ് ട്രംപ് വരുത്തി വച്ചതല്ലെങ്കിലും കൊവിഡിന് നേരിടാൻ രാജ്യത്തെ സജ്ജാമാക്കുന്നതിന് പകരം മറ്റു രാജ്യങ്ങളെ കുറ്റം പറഞ്ഞും കൊവിഡിനെ വിലകുറച്ചു കണ്ടും സമയം കളഞ്ഞതിന്റെ ഉത്തരവാദിത്വം ട്രംപിനാണ്. കൊവിഡിന്റെ ഹോട്ട്‌സ്പോട്ടായിരുന്ന യൂറോപ്യൻ രാജ്യങ്ങൾ പോലും കരകയറിയിട്ടും അമേരിക്കയിൽ ഇപ്പോഴും കൊവിഡ് രൂക്ഷമായി തുടരുകയാണ്.