ന്യൂഡൽഹി : അർജുന അവാർഡിനുള്ള സെലക്ഷൻ കമ്മറ്റിയുടെ ശുപാർശപ്പട്ടികയിൽനിന്ന് കേന്ദ്ര കായിക മന്ത്രാലയം തന്റെ പേര് വെട്ടിയത് ചോദ്യം ചെയ്ത് ഗുസ്തി താരം സാക്ഷി മാലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി കിരൺ റിജിജുവിനും കത്തയച്ചു.
2016 റിയോ ഒളിമ്പിക്സിൽ വെങ്കലവും 2017ലെ കോമൺവെൽത്ത് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണവും അതേ വർഷം നടന്ന ഏഷ്യൻചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് സാക്ഷി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടി.
മുൻപ് ഖേൽരത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് സാക്ഷിക്കും ഭാരോദ്വഹനത്തിൽ ലോക ചാമ്പ്യനായ മീരാബായ് ചാനുവിനും ഇത്തവണ അർജുന അവാർഡ് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയവരെ അർജുന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാട്ടിയിരുന്നു. 2016ലാണ് സാക്ഷി മാലിക്കിന് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്. മീരാബായ് ചാനുവിന് 2018ലും. പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുള്ള താരവുമാണ് സാക്ഷി.
സാക്ഷിയുടെ ചോദ്യങ്ങൾ
നേടാവുന്ന പരമാവധി മെഡലുകളും പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് ഏതൊരു കായികതാരവും മുന്നോട്ടു പോകുന്നതെന്ന് 27കാരിയായ സാക്ഷി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അർജുന പുരസ്കാരം കൂടി ലഭിക്കാൻ താൻ ഇനി ഏതു മെഡലാണ്നേടേണ്ടതെന്നാണ് ഇരുവരോടുമുള്ള സാക്ഷിയുടെ ആദ്യ ചോദ്യം.
തന്റെ ഗുസ്തി കരിയറിൽ ഇനി അർജുന ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടോ എന്നാണ് രണ്ടാമത്തെ ചോദ്യം