unlock

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി അൺലോക് 3 പ്രഖ്യാപിച്ച ശേഷവും സംസ്ഥാനങ്ങൾ തുടരുന്ന നിയന്ത്രണങ്ങൾക്കെതിരെ കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ‌ ഭല്ലയാണ് ജനങ്ങൾക്ക് സംസ്ഥാനത്തിനകത്തും, മ‌റ്റ് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതും ചരക്ക് ഗതാഗതവും നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളുടെ നീക്കങ്ങൾക്കെതിരെ ഭരണകൂടങ്ങൾക്ക് കത്തയച്ചത്.

ജനങ്ങളുടെ സ്വൈര സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രത്യേക പെർമി‌റ്റ് വേണ്ടാതിരുന്നിട്ടും തടസം നേരിടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായും ഭല്ല കത്തിൽ സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് 2005ലെ ദുരന്ത നിവാരണ നിയമത്തിലെ നിർദ്ദേശങ്ങളുടെ ലംഘനമായി കാണുമെന്നും കേന്ദ്രം സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കണമെന്നും അജയ് കുമാർ ഭല്ല കത്തിൽ ആവശ്യപ്പെടുന്നു.

രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച ആദ്യ രണ്ട് മാസങ്ങളിൽ മ‌റ്റ് സംസ്ഥാനങ്ങളിലേക്കുള‌ള യാത്ര തടസപ്പെട്ടിരുന്നു. ഈ പ്രശ്‌നങ്ങൾ ക്രമേണ കേന്ദ്ര നിർദ്ദേശ പ്രകാരം ലഘൂകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ മ‌റ്റ് സംസ്ഥനങ്ങളിലേക്ക് യാത്ര അനുവദിച്ചപ്പോൾ കൊവിഡ് വ്യാപന നിരക്ക് കുത്തനെ കൂടിയിരുന്നു. അൺലോക് 3യിലും മ‌റ്റ് സംസ്ഥാനങ്ങളിലേക്കുള‌ള യാത്രക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ലോക്‌ഡൗൺ പ്രഖ്യാപിച്ചത് മൂലം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ തകർച്ചയുടെ ആഘാതം ലഘൂകരിക്കാനാണ് വിദഗ്ധ നിർദ്ദേശ പ്രകാരം ക്രമമായി അൺലോക്ക് നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.

രാജ്യത്ത് ഇതുവരെ 29.79 ലക്ഷം ജനങ്ങൾക്ക് കൊവിഡ് ബാധിച്ചു. ഇതിൽ 22.23 ലക്ഷം പേർ രോഗമുക്തി നേടി. 56,264 പേർ മരണമടഞ്ഞു. ലോകത്ത് ഏ‌റ്റവും ശക്തമായി നടപ്പിലാക്കിയ ലോക്ഡൗണുകളിൽ ഒന്നായിരുന്നു രാജ്യത്ത് മാർച്ച് മാസത്തിൽ പ്രഖ്യാപിച്ചത്.