pic

ന്യൂഡൽഹി: കഴി‌ഞ്ഞ ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തെ ആസ്പദമാക്കിയുളള പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കാനൊരുങ്ങി ബ്ലൂംസ്ബറി പബ്ലിഷർ. ബ്രിട്ടീഷ് കമ്പനിയായ ബ്ലൂംസ്ബറിയുടെ ഇന്ത്യൻ ശാഖയാണ് "ഡൽഹി റയട്‌സ് 2020:ദ അൺടോൾഡ് സ്റ്റോറി" എന്ന പൂസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കാനൊരുങ്ങുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ബ്ലൂംസ്ബറി തീരുമാനം മാറ്റിയത്.

ബി.ജെ.പി നേതാവ് കപിൽ മിശ്രയെ പ്രസിദ്ധീകരണ ചടങ്ങിൽ പ്രത്യേക അതിഥിയായി ക്ഷണിച്ചിരുന്നു. വൈകാതെ പുസ്തകം പരസ്യമാകും. ഇന്ത്യയും ലോകവും ഇത് വായിക്കുകയും ഡൽഹിയിൽ നടന്ന ഹിന്ദു വിരുദ്ധ കലാപം ഏവരും തിരിച്ചറിയുമെന്നും ഇതിന് പിന്നാലെ കപിൽ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. കപിൽ മിശ്രയെ കൂടാതെ ചലച്ചിത്ര സംവിധായകൻ വിവേക് ​അഗ്നിഹോത്രി തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളെ ചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിച്ചിരുന്നു. പുസ്തക പ്രസിദ്ധീകരണം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ എഴുത്തുകാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി നിരവധി ആളുകളിൽ നിന്നും ബ്ലൂംസ്ബറി പബ്ലിഷറിനെതിരെ വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുന്നതായി ബ്ലൂംസ്ബറി ഇന്ത്യ അറിയിച്ചത്.

അതേസമയം,ഡൽഹി റയട്‌സ്  2020: ദി അൺടോൾഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ അറിയിച്ചു. ആശയ സ്വാതന്ത്ര്യത്തെ പൂർണമായും പിന്തുണയ്ക്കുന്നു. അതോടൊപ്പം സമൂഹത്തിനോട് ആഴത്തിലുള്ള ഉത്തരവാദിത്തബോധവുമുണ്ട്.എന്നാൽ ഡൽഹി റയട്‌സ് പുസ്തകത്തിന്റെ രചയിതാക്കൾ തങ്ങളുടെ അറിവില്ലാതെയാണ് വെർച്വൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ഉൾപ്പെടെ നടത്താൻ തീരുമാനിച്ചതെന്നും ഈക്കാരണത്താലാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുന്നതെന്നും ബ്ലൂംസ്ബറി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത മാസമാണ് ബ്ലൂംസ്ബറി ഇന്ത്യ ഡൽഹി റയട്‌സ്  2020 എന്ന പുസ്തകം പ്രസിദ്ധീകരിക്കാനിരുന്നത്.