റിയാദ്: കൊവിഡ് ഉറവിടം, അതിർത്തി സംഘർഷം, വ്യാപാരത്തർക്കം തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിൽ കനത്ത സമ്മർദ്ദത്തിലായ ചൈനയ്ക്ക് തിരിച്ചടിയുമായി സൗദിയുടെ നിക്ഷേപ പിന്മാറ്റം. ചൈനയിൽ നിർമ്മിക്കാനിരുന്ന 1,000 കോടി ഡോളറിന്റെ (ഏകദേശം 75,000 കോടി രൂപ) പെട്രോകെമിക്കൽ കോംപ്ളക്സ് പദ്ധതി, സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോ ഉപേക്ഷിച്ചു.
കൊവിഡ് വ്യാപനം മൂലം ആഗോളതലത്തിൽ പ്രമുഖ രാജ്യങ്ങൾ ലോക്ക്ഡൗണിൽ ആയതിനാൽ, ക്രൂഡോയിൽ ഡിമാൻഡ് കുറഞ്ഞത് ആരാംകോയ്ക്ക് വലിയ ബാദ്ധ്യതയായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ലയണിംഗിൽ നിർമ്മിക്കാനിരുന്ന പെട്രോകെമിക്കൽ പദ്ധതി ആരാംകോ ഉപേക്ഷിക്കുന്നതെന്ന് ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്തു.
സൗദി ഭരണകൂടത്തിന് പ്രതിവർഷം 7,500 കോടി ഡോളറിന്റെ ലാഭവിഹിതം ആരാംകോ നൽകാറുണ്ട്. ഇതു നിലനിറുത്തുന്നതിന്റെ ഭാഗമായാണ്, നിക്ഷേപക്കരാറുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ചെലവുചുരുക്കൽ നടപടി ആരാംകോ എടുക്കുന്നത്.