dhoni-balaji

ചെന്നൈ : കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെയന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐ.പി.എൽ പരിശീലന ക്യാമ്പിലായിരിക്കുമ്പോഴാണ് രാത്രി 7.29ന് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ ധോണി ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. അതിന് ശേഷം ധോണി നേരേ വന്നത് തന്റെ അടുക്കലേക്കായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും സൂപ്പർ കിംഗ്സ് ബൗളിംഗ്പരിശീലകനുമായ ലക്ഷ്മിപതി ബാലാജി പറയുന്നു. എന്നാൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനത്തെപ്പറ്റി ഒരു സൂചനപോലും ധോണി നൽകിയില്ലത്രേ

വിരമിക്കൽ പ്രഖ്യാപനം അറിയാതെ ഗ്രൗണ്ടിൽനിന്ന് കയറിവന്ന തന്നോട് പിച്ചിൽ കൂടുതൽ വെള്ളമൊഴിക്കാൻ ഗ്രൗണ്ട്സ്മാന് നിർദ്ദേശം നൽകിയ കാര്യമാണ് ധോണി പറഞ്ഞത്. എല്ലാ ദിവസവും പിച്ചിനെക്കുറിച്ച് സംസാരിക്കുന്നതിനാൽ പ്രത്യേകിച്ച് ഒന്നും തോന്നിയുമില്ല. വിരമിച്ച് കഴിഞ്ഞുള്ള വരവാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ ധോണിയുടെ സ്വഭാവം പിടികിട്ടിയിട്ടുള്ളതിനാൽ അത്ഭുതം തോന്നിയില്ല.- ബാലാജി ഒരു ചാറ്റ് ഷോയിൽ പറഞ്ഞു.

2000നുശേഷം ധോണിയോളം സ്വാധീനം ചെലുത്തിയ ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിട്ടില്ലെന്ന് ബാലാജി അഭിപ്രായപ്പെട്ടു. ക്യാപ്ടനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾ പൊളിച്ചെഴുതിയ വ്യക്തിയാണ് ധോണിയെന്നും ഏതു വിഷമഘട്ടത്തിലും ശാന്തനായിരിക്കാനും ടീമിനുള്ളിലും അതേ ശാന്തമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാനും മുന്നിൽനിന്ന് വിജയത്തിലേക്ക് നയിക്കാനും കഴിയുന്ന ഏക ക്യാപ്ടൻ ധോണിയാണെന്നും ബാലാജി ചൂണ്ടിക്കാട്ടി.